ന്യൂഡൽഹി: ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ പാലിക്കാത്ത പക്ഷം വായ്പയെടുത്തവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതികൾ ഉപയോഗപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. വായ്പയെടുത്തയാൾക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയിൽ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. എസ്ബിഐയും തന്യ എനർജി എന്റർപ്രൈസും തമ്മിലുള്ള കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
എസ്ബിഐയുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടണമെങ്കിൽ വ്യവസ്ഥകൾ പ്രകാരം വായ്പയെടുത്ത തുകയുടെ 5 ശതമാനമെങ്കിലും തിരിച്ചടച്ചവരാകണം. ഇത് പാലിക്കാത്തതിനാൽ തന്യ എനർജി എന്റർപ്രൈസിസ് എന്ന സ്ഥാപനത്തിനെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ചോദ്യം ചെയ്ത് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
ഏഴ് വസ്തുക്കൾ ഈടു നൽകിയായിരുന്നു തന്യ എനർജി എന്റർപ്രൈസിസ് വായ്പയെടുത്തത്. ഇത് പിന്നീട് ന്ഷ്ക്രിയ ആസ്ഥിയായി പ്രഖ്യാപിച്ച് സർഫാസി നിയമപ്രകാരം ലേലം ചെയ്യാൻ ബാങ്ക് നടപടി സ്വീകരിച്ചു. ഇതോടൊപ്പം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി കമ്പനി അപേക്ഷ നൽകിയെങ്കിലും പദ്ധതിയുടെ ഉപാധികൾ പാലിക്കാത്തതിനാൽ അപേക്ഷ തള്ളി.
ഹൈക്കോടതിയുടെ സിങ്കിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തന്യ എനർജി എന്റർപ്രൈസിസിന്റെ അപേക്ഷ പുനപരിശോധിക്കണമെന്ന് എസ്ബിഐയോട് നിർദേശിച്ചിരുന്നു. ഇത് അനുവദിക്കാനാകില്ലെന്നും ബാങ്കിന്റെ നിയമങ്ങൾക്കെതിരാണെന്നും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
















