കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ തുടരുന്ന മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി. പൊട്ടാസ്യം ലെവല്‍ താഴ്ന്നതിനെ തുടര്‍ന്നാണ് എം.കെ. മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ നിലവിലെ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാക്കുന്നു. മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നെന്നും വെന്റിലേറ്റർ സഹായമില്ലാതെ ചികിത്സയിൽ തുടരുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
അപകടകരമായ രീതിയില്‍ പൊട്ടാസ്യം ലെവല്‍ താഴ്ന്നതിന് പിന്നാലെ എം.കെ. മുനീറിന് ഹൃദയാഘാതവും സംഭവിച്ചിരുന്നു. എംആര്‍ഐ പരിശോധനയില്‍ തലയ്ക്ക് കാര്യമായ ആഘാതമൊന്നും കണ്ടെത്തിയിട്ടില്ല. ചെറിയ നിര്‍ദേശങ്ങളോടു മുനീര്‍ പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന എം.കെ മുനീറിനെ കാണാൻ മുതിർന്ന ലീഗ് നേതാക്കളും ആശുപത്രിയിലേക്ക് എത്തിയിരുന്നു.
















