തിരുവനന്തപുരം: പാൽ വില കൂട്ടാനൊരുങ്ങി മിൽമ. ലിറ്ററിന് 5 രൂപ വർദ്ധിപ്പിക്കണമന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പാൽ വില വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സമിതിയും ഇക്കാര്യത്തിൽ അനുകൂല തീരുമാനമാണ് എടുത്തത്. എന്നാൽ വില വർദ്ധിപ്പിക്കുന്നതിന് ഡയറക്ടർ ബോർഡ് എതിരാണ്. ജി എസ് ടി ഇളവുകൾ പാലിനും ബാധകമായ സാഹചര്യത്തിൽ അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുന്നതിന് വിലവർധനവ് തടസ്സം ആകുമെന്ന നിലപാടാണ് ബോർഡിനുള്ളത്.
ഏറ്റവും കൂടുതൽ പാലിന് വിലകൊടുക്കുന്ന സംസ്ഥാനം കേരളമാണ്. വില വർദ്ധനവിൽ അനുകൂല തീരുമാനമെടുക്കാത്ത അതിനെ തുടർന്ന് യോഗത്തിൽ നിന്ന് എറണാകുളം മേഖലാ പ്രതിനിധികൾ ഇറങ്ങി പോവുക വരെ ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ മന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു . തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രിയുടെ മറുപടി.
അയൽ സംസ്ഥാനങ്ങളിൽ നിന്ന് ശക്തമായ വെല്ലുവിളിയാണ് കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ പാലിന് വില കുറവാണ്. കൂടുതൽ പാൽ മറ്റു സ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നുമുണ്ട്. സംസ്ഥാനത്തെ ക്ഷീരവിപണിയിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യം മനസിലാക്കി പാൽ വില വർധനവ് സംബന്ധിച്ച് രൂപീകരിച്ച 5 അംഗ കമ്മിറ്റിയുടെ റിപ്പോർട്ട് കണക്കിലെടുത്ത് ക്ഷീര കർഷകർക്ക് പ്രയോജനകരമായ രീതിയിലുള്ള പാൽ വില വർധനവ് നടപ്പിലാക്കാനുള്ള നടപടി മിൽമ അധികം വൈകാതെ തന്നെ സ്വീകരിക്കുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി വ്യക്തമാക്കി.
പാലുല്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനത്തിലാണ് മിൽമയും ക്ഷീരവികസനവകുപ്പും. 2025 ൽ ഒരു ദിവസം 2 .64 ലക്ഷം പാലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ലക്ഷ്യങ്ങൾ വലുതാണെങ്കിലും അടിക്കടിയുള്ള വിലവർധനവ് സാധാരണക്കാരനാണ് ഇടിത്തിയായി മാറുന്നത്.
















