Homepage Featured Kerala News

കള്ളക്കഥകൾക്ക് പിറകിൽ കോൺഗ്രസ്; അപവാദ പ്രചരണങ്ങൾക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ

പവാദ പ്രചരണങ്ങൾ ക്കെതിരെ സിപിഎം നേതാവ് കെ ജെ ഷൈൻ. തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്ന വിധത്തിലുള്ള വ്യാജ പ്രചാരണങ്ങളെ നിയമപരമായി നേരിടുമെന്ന് ഷൈൻ വ്യക്തമാക്കി. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് തെളിവുകളോടെ പരാതി നല്‍കിയതായി അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷൈനിനും ജില്ലയിലെ ഒരു സിപിഎം എംഎല്‍എയ്ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നെറികെട്ട പ്രചാരണങ്ങള്‍ നടക്കുന്നതെന്നും, ഈ ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷൈന്‍ പ്രസ്താവിച്ചു. താന്‍ കോളജ് കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ടെന്നും, കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോടെയാണ് കേരള സമൂഹം തന്നെ കൂടുതല്‍ അടുത്തറിഞ്ഞതെന്നും അവർ ഓര്‍മ്മിപ്പിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തക, ജനപ്രതിനിധി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന തനിക്കെതിരെയും ജീവിതപങ്കാളിക്കെതിരെയും വ്യക്തിപരമായും കുടുംബപരമായും അപകീര്‍ത്തികരമായ വ്യാജ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്കെതിരായി ഇത്തരത്തിലുള്ള മ്ലേച്ഛമായ പ്രചാരണങ്ങള്‍ നടത്തുന്നവരുടെ മാനസികാവസ്ഥ വികൃതമാണെന്ന് ഷൈന്‍ ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അപവാദങ്ങള്‍ വ്യക്തികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും സഹപ്രവര്‍ത്തകരെയും വേദനിപ്പിക്കുന്നു. ‘സ്വന്തം നഗ്‌നത മറച്ചുപിടിക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തയ്യാറാവണം,’ ഷൈന്‍ ആവശ്യപ്പെട്ടു.

പൊതുപ്രവര്‍ത്തനം എന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം സമൂഹത്തിലും ഭരണകൂടത്തിലും ഉണ്ടാകണമെന്നും, അതിനനുസരിച്ചുള്ള ഇടപെടലുകള്‍ ഉണ്ടാകുമെന്നും ഷൈന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒരു കാരണവശാലും പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്കും ഇത്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വരരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമനടപടികൾക്ക് എല്ലാവിധ പിന്തുണയും പാർട്ടി നൽകുമെന്നും അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു കെ.ജെ. ഷൈന്‍.

Related Posts