India Lead News News

ഓൺലൈനായി പേര് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടുകൾ ഓൺലൈനായി നീക്കം ചെയ്യാൻ സാധിക്കില്ലെന്നും കർണാടകയിലെ ആലന്ദ് മണ്ഡലത്തിലെ ക്രമക്കേട് കമ്മീഷൻ തന്നെ നേരത്തെ കണ്ടെത്തിയതും എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതാണെന്നും രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. 2023 ലെ തിരഞ്ഞെടുപ്പിൽ ആലന്ദിൽ ജയിച്ചത് കോൺഗ്രസ് ആണെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു. 

“രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ്. രാഹുൽ പറഞ്ഞതുപോലെ പൊതു ജനങ്ങൾക്കാർക്കും ഓൺലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ല. 2023 ൽ, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ ഇല്ലാതാക്കാൻ ചില ശ്രമങ്ങൾ നടന്നത് പരാജയപ്പെട്ടിരുന്നു.  ഈ വിഷയം അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഒരു എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.” കമ്മീഷൻ പറഞ്ഞു. 

വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധി വിളിച്ച രണ്ടാമത്തെ വാർത്ത സമ്മേളനത്തിലും ക്രമക്കേട് സംബന്ധിച്ച കൂടുതൽ തെളിവുകൾ അദ്ദേഹം പുറത്തുവിട്ടിരുന്നു. കോൺഗ്രസിന് വോട്ട് ചെയ്യുന്നവരെ ആസൂത്രിതമായി നീക്കി വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും രാഹുൽ ആഞ്ഞടിച്ചു. ഇത്തവണ പരാതിക്കാരെയും നേരിട്ട് ഹാജരാക്കിയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ടുകൊള്ളയ്ക്ക് കൂട്ടു നില്‍ക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണം. വോട്ട് നീക്കം ചെയ്യലിനും വ്യാജ വോട്ട് ചേര്‍ക്കലിനും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒത്താശ ചെയ്യുന്നുവെന്ന് തെളിവുകള്‍ നിരത്തി രാഹുല്‍ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തില്‍ 6,850 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. കൂട്ടിച്ചേര്‍ക്കപ്പെട്ട വോട്ടര്‍മാരുടെ വിവരം പരിശോധിക്കുമ്പോള്‍ പല പേരുകള്‍ക്കൊപ്പവും നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറുകള്‍ കൃത്യമല്ല. 

Related Posts