Homepage Featured Kerala News

സൈബർ ആക്രമണം: നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു

ആലുവ: സൈബർ ആക്രമണത്തിനെതിരെ നടി റിനി ജോർജ് നൽകിയ പരാതിയിൽ കേസെടുത്തു. ആലുവ സൈബർ പോലീസ് ആണ് കേസടുത്തത്. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയാ, ക്രൈം നന്ദകുമാർ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയായിരുന്നു റിനിയുടെ പരാതി. യുവ നേതാവിൽ നിന്ന് മോശം അനുഭവമുണ്ടായി എന്ന തുറന്നുപറച്ചിലിനു ശേഷം ആയിരുന്നു റിനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായത്.

തനിക്കെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണമാണെന്നും പെയ്ഡ് ആക്രമണമാണെന്നും റിനി പരാതിയിൽ വ്യക്തമാക്കിയിരുന്നു. നേരിട്ട് ആക്രമണം നടത്തുന്നവരെ മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തണമെന്നും തന്നെ മാത്രമല്ല തന്റെ പുരുഷ സുഹൃത്തുക്കളുടെ സ്വകാര്യതയെയും ഇത് ബാധിക്കുന്നുണ്ടെന്നും അത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും റിനി പറഞ്ഞിരുന്നു.

വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ അടക്കമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് പുറമേ എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിരുന്നു. ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയതിന് ശേഷം റിനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് ഉണ്ടായത്. യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തല്‍ നടത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞിരുന്നു. പരാതിയിൽ പറയുന്നവർ തന്റെ പേരെടുത്ത് പറഞ്ഞാണ് വിഡിയോകൾ ചെയ്തതെന്നും റിനിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Related Posts