Homepage Featured Kerala News

ആഗോള അയ്യപ്പസംഗമം: 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. പരിപാടിയ്ക്ക് 7 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും അത് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിനോ സർക്കാരിനോ ബാധ്യത വരില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

എൻഎസ്എസ്, എസ്എൻഡിപി തുടങ്ങിയ സംഘടനകൾ അയ്യപ്പ സംഗമത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചതായും മന്ത്രി. സെപ്റ്റംബർ 20ന് പമ്പയിലാണ് ആഗോള അയ്യപ്പ സംഗമം. അതേസമയം ആഗോള അയ്യപ്പസംഗമത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയായി. 3000 പേർക്കാണ്‌ പ്രവേശനം. 5000ത്തോളം പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തത്. അതിൽ മുൻഗണന വെച്ചാണ് തീരുമാനിച്ചത്. മുമ്പ് വന്നിട്ടുള്ള ആളുകൾ‌, സംഘടനകൾ എന്നിങ്ങനെയാണ് മുൻ ഗണന നൽകിയത്. 3500 പേർ പരമാവധി പങ്കെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

മൂന്ന് വേദികളാണ് അയ്യപ്പ സംഗമത്തിനായി ഒരുക്കിയിരിക്കുന്നത്. ആദ്യ സെഷനിൽ മാസ്റ്റർ പ്ലാൻ ഉൾപ്പടെ ചർച്ചയാകും. ആകെ 1000 കോടിയിൽ അധികം രൂപയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും. രണ്ടാം സെഷനിൽ തീർത്ഥാടക ടൂറിസവും മൂന്നാം സെഷനിൽ തിരക്ക് ക്രമീകരണവും ചർച്ചയാകും. എൻഎസ്എസ് വൈസ് പ്രസിഡന്റ്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ഉൾപ്പടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.

നേരത്തെ അയ്യപ്പ സംഗമം നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൻറെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോർഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താൻ എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Posts