Kerala Lead News News

‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’; കലുങ്ക് സഭയിൽ വിവാദങ്ങൾ വിട്ടൊഴിയാതെ സുരേഷ് ഗോപി

തൃശ്ശൂർ: ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം നിരസിച്ചതിന് പിന്നാലെ കലുങ്ക് സഭയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടികളും പ്രതികരണങ്ങളും വീണ്ടും വിവാദമാകുന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചെത്തിയ വയോധികയോട് സുരേഷ് ഗോപി നടത്തിയ പ്രതികരണമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോകാനായിരുന്നു വയോധികയോട് സുരേഷ് ഗോപിയുടെ ആദ്യ പ്രതികരണം. അതിന് തനിക്ക് പറ്റുമോയെന്ന വയോധികയുടെ ചോദ്യത്തിന് ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ,’ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. 

‘ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ’ എന്ന് വയോധിക ചോദിച്ചപ്പോൾ ‘അല്ല. ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. ഞാൻ അതിനുള്ള മറുപടിയും നൽകി കഴിഞ്ഞു. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ആ തുക സ്വീകരിക്കാൻ പറയൂ. എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്ന മറുപടിയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയത്. വയോധികയുടെ ചോദ്യങ്ങൾക്ക് പരിഹാസത്തോടെയുള്ള സുരേഷ് ഗോപിയുടെ മറുപടികൾക്ക് കൂടെയുണ്ടായിരുന്നവർ ചിരിക്കുന്നുമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ വച്ചു നടന്ന കലുങ്ക് സഭയിലായിരുന്നു സംഭവം.

‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയാറുണ്ടോ? ഇഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ. പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ’, സുരേഷ് ഗോപി വ്യക്തമാക്കി. 

അതേസമയം,  ഭവന നിർമ്മാണത്തിന് സഹായം അഭ്യർത്ഥിച്ചെത്തിയ വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നതിൽ കൂടുതൽ വിശദീകരണവും നേരത്തെ കേന്ദ്രമന്ത്രി നൽകിയിരുന്നു. നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് സമ്മതിച്ച കേന്ദ്രമന്ത്രി എന്നാൽ അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത് ചൂണ്ടിക്കാണിച്ച് ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ടയെന്നും സുരേഷ് ഗോപി പറഞ്ഞു. ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“രാഷ്ട്രീയ ആവശ്യത്തിനുവേണ്ടി അവര്‍ക്ക് നിവേദനം വേണം അത് നിഷേധിക്കപ്പെടണം. അതൊക്കെ അവര്‍ ചെയ്‌തോട്ടെ, നല്ലതാണ്. വേലായുധന്‍ ചേട്ടന് ഒരു വീട് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. നല്ല കാര്യം. ഇനിയും ഞാനിതുപോലെ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ടയയ്ക്കും. പാര്‍ട്ടിയങ്ങോട്ട് തയ്യാറെടുത്തിരുന്നോളൂ. ഞാന്‍ ഒരു ലിസ്റ്റങ്ങ് പ്രഖ്യാപിക്കും. ആര്‍ജവം കാണിക്കണം.അതിനുള്ള ചങ്കൂറ്റവും കാണിക്കണം.”  സുരേഷ് ഗോപി വ്യക്തമാക്കി.

Related Posts