ന്യൂഡൽഹി: ഡൽഹി നാഷണൽ ക്യാപിറ്റൽ റീജിയനിൽ കാലങ്ങളായി തുടരുന്ന വായുമലിനീകരണം തടയുന്നതിനായി കാരണക്കാരായവരുടെ അറസ്റ്റിലേക്കു വരെ പോകാമെന്ന് സുപ്രീം കോടതി നിർദേശം. ഒക്ടോബർ മാസത്തോടെ ഇവിടെ വായു മലിനീകരണം ഏറ്റവും കൂടിയേക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി നിർദേശം.
ഡൽഹി കൂടാതെ രാജസ്ഥാൻ, ഉത്തർപ്രദേശ് ഹരിയാന തുടങ്ങുന്ന സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് നാഷണൽ ക്യാപ്പിറ്റൽ റീജിയൻ. വിളവെടുപ്പിനു ശേഷം ഈ പ്രദേശത്തിനടുത്ത് ബാക്കി വരുന്ന വൈക്കോലുകൾ കത്തിച്ച് കളയുന്നതാണ് മേഖലയിൽ രൂക്ഷമായ വായുമലിനീകരണത്തിന് കാരണമാകുന്നത്.
ഒക്റ്റോബർ മാസത്തോടെയാണ് ഈ പ്രദേശത്ത് മലിനീകരണം രൂക്ഷമാകുന്നത്. ഈ സമയത്ത് വൈക്കോൽ കത്തിക്കുന്ന കർഷകരിൽ ചിലരെ ജയിലിലടയ്ക്കുന്നത് ഇതിനെതിരെ ശക്തമായ സന്ദേശമാകുമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോടും (CAQM) സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡിനോടും (CPCB) മലിനീകരണ നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു. പഞ്ചാബ് രാജസ്ഥാൻ ഹരിയാന ഉത്തർപ്രദേശ് തുടങ്ങിയ നാഷണൽ ക്യപിറ്റൽ റീജിയനോട് ചേർന്ന പ്രദേശങ്ങളിലെ മലിനീകരണം തടയുന്നതിനുള്ള പ്രത്യേക സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് CAQM.
മലിനീകരണം തടയുന്നതിനായി കോടതി 2018 മുതൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും അധികാരികൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. പ്രശ്നം പഠിക്കുന്നതിനായി അമിസ്ക്കസ്ക്യൂരിയെ നിയമിച്ചിരുന്നു. വൈക്കോലുകൾ കത്തിക്കുന്നതിൽ നിന്നു വിട്ടു നിൽക്കുന്ന കർഷകർക്ക് അമിക്കസ്ക്യൂരിയായ അപരാജിത സിങ് സബ്സിഡികളും ഉപകരണങ്ങളും വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇത് വായു മലിനീകരണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.
















