കൊച്ചി: ശബരിമലയിലെ സ്വർണപാളിയിൽ തൂക്കകുറവ് കണ്ടെത്തിയ സംഭവം ദേവസ്വം വിജിലൻസ് എസ്പി അന്വേഷിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിക്കുന്നത്. ബുധനാഴ്ച കേസ് പരിഗണനയ്ക്കെടുത്ത കോടതി തൂക്കം സംബന്ധിച്ച് ചോദ്യങ്ങളുന്നയിക്കുകയായിരുന്നു. 2019 ല്‍ അഴിച്ചെടുത്തപ്പോള്‍ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലെത്തിച്ചപ്പോള്‍ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യത്തിലാണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേസുമായി ബന്ധപ്പട്ട് മുഴുവന്‍ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയര്‍ത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ എന്തുകൊണ്ടാണ് അറിയാത്തതെന്ന് കോടതി ആരാഞ്ഞു. ദേവസ്വം കമ്മിഷണറുടെ മുന്‍പിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണാധികാരികള്‍ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയര്‍ത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന്‍ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.
അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിൽ കൊണ്ടുപോയ ശബരിമലയിലെ സ്വർണപ്പാളി ഉടൻ തിരിച്ച് കൊണ്ടുവരില്ലെന്ന് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചിരുന്നു. ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അത് തിരികെ കൊണ്ടുവരാൻ ആകില്ല. ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണപ്പാളി സമർപ്പിച്ച ഭക്തൻ തന്നെയാണ് അറ്റകുറ്റപ്പണി ഏറ്റെടുത്ത് നടത്തുന്നതെന്നും പ്രശാന്ത് പറഞ്ഞു. തന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ശബരിമല സ്പെഷ്യൽ കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് ഹൈക്കോടതി സ്വമേധയാ ഇടപ്പെട്ടത്. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് റിപ്പോർട്ടിൽ ചൂണ്ടികാണിച്ചിരുന്നു. ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
















