Kerala News

അയ്യപ്പ സംഗമം: പന്തളം കൊട്ടാരം പ്രതിനിധിയെത്തില്ല; യുവതീ പ്രവേശനത്തിലെ നിലപാട് തിരുത്താത്തതിൽ വിയോജിപ്പ്

പത്തനംതിട്ട: സെപ്റ്റംബർ ഇരുപതിന് പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികൾ പങ്കെടുക്കില്ല. കൊട്ടാര കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്നുള്ള അശുദ്ധി നിലനിൽക്കുന്നുവെന്നാണ് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹകസംഘം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സർക്കാരിന്റേയും ദേവസ്വം ബോർഡിന്റെയും നിലപാടുകളുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പും എതിർപ്പും പ്രതിഷേധവും രേഖപ്പെടുത്തിയിട്ടുണ്ട്.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം പ്രതിനിധികൾ ക്ഷണിക്കാനെത്തിയ വേളയിൽ തന്നെ കൊട്ടാരം നിർവാഹക സംഘം തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. രണ്ട് വിഷയങ്ങളാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിച്ചത്.

2018-ൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പരിപൂർണമായി പിൻവലിക്കുക, യുവതീപ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തി സത്യവാങ്മൂലം നൽകണം എന്നായിരുന്നു ആവശ്യം. എന്നാൽ, സർക്കാർ ഇതിൽ നിന്ന് പിന്നാക്കം പോകുന്നില്ല എന്ന് വാർത്തകളിലൂടെ അറിയാൻ സാധിച്ചുവെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

ദേവസ്വം ബോർഡിന്റേയും സർക്കാരിന്റെയും നിലപാടിനോട് കടുത്ത പ്രതിഷേധവും ഭക്തർ എന്ന നിലയിൽ വേദനയ്ക്കിടയാക്കുന്നതുമാണെന്ന് കുറിപ്പിൽ പറയുന്നു. ഇതുകൂടാതെ കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെത്തുടർന്ന് അശുദ്ധി നിലനിൽക്കുന്നതിനാൽ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നേരത്തെ തന്നെ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു. പലരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അയ്യപ്പെന്റെ പേരിൽ നടത്തുന്ന മത- രാഷ്ട്രീയ ഇടപെടലാണ് സംഗമമെന്നും ലക്ഷ്യം രാഷ്ട്രീയമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന പരിപാടിയാണ് ഇതെന്നുമാണ് പ്രധാന വിമർശനം.

Related Posts