ജെറുസലേം: ഖത്തറിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.ഖത്തറിൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തിയും പ്രത്യാഖ്യാതങ്ങളും ചർച്ചയാകും. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെ പരസ്യ പ്രതിഷേധം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിക്കുകയും ചെയ്തിരുന്നു.
ഇസ്രയേൽ നടത്തിയ സൈനിക നടപടിയിൽ സന്തുഷ്ടരല്ലെന്നും, പ്രസിഡന്റ് അതിൽ സന്തുഷ്ടനായിരുന്നില്ലെന്നും മാർക്കോ റൂബിയോ പ്രതികരിച്ചത്. ഇസ്രയേൽ സൈനിക നടപടിയിൽ അറബ് രാജ്യങ്ങളും പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് അറബ് നേതാക്കൾ ഉച്ചകോടി നടത്തുന്നതിനിടെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നിർണായകമായ കൂടിക്കാഴ്ച അരങ്ങേറുന്നത്.
അതേസമയം ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ സൈനിക പദ്ധതികളും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതും നെതന്യാഹുവും റൂബിയോയും തമ്മിലുള്ള ചർച്ചയിലെ മുഖ്യവിഷയമാകുമെന്ന വിലയിരുത്തലുമുണ്ട്. ഇസ്രായേൽ സൈന്യം ഗാസ നഗരത്തിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കരസേനാ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഇസ്രയേൽ ശ്രമം. ഗാസ സിറ്റിയിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞ് ദക്ഷിണ സ്ട്രിപ്പിലേക്ക് പോകണമെന്ന് ഇസ്രായേൽ പ്രതിരോധ സേന ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം 250,000 പലസ്തീനികൾ പലായനം ചെയ്തതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനാൽ തെക്കൻ ഗാസ സുരക്ഷിതമല്ലെന്ന് പലസ്ഥീൻ നിവാസികളുടെ തുറന്നു പറച്ചിൽ. മേഖലയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന്റെ വ്യാപ്തി കൂടുതലാണ്. ഇവിടെ ഇനിയും അക്രമമുണ്ടായേക്കാമെന്നാണ് കണക്ക് കൂട്ടൽ.
















