Homepage Featured India News

താരിഫ് തർക്കം മുറുകുന്നതിനിടെ ഇന്ത്യയും യുഎസും വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു

ന്യൂഡൽഹി: യുഎസ് ഇന്ത്യക്കുമേൽ 50% തീരുവ ഏർപ്പെടുത്തിയതിനുശേഷമുള്ള വ്യാപാര ചർച്ചകൾക്കായി യുഎസ് വ്യാപാര പ്രതിനിധി ഡൽഹിയിൽ. താരിഫ് തർക്കത്തിന് ശേഷം ഇന്ത്യയും യുഎസും വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നത് ഇരു രാജ്യങ്ങളും വളരെ ഗൗരവമായാണ് നോക്കിക്കാണുന്നത്.

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെത്തുടർന്നാണ് ഇന്ത്യൻ കയറ്റുമതിയിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം ഉയർന്ന തീരുവ ചുമത്തിയത്. അതിനെത്തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്നാണ് നിർണായകമായ ഒരു വ്യാപാര കരാറിന് അന്തിമരൂപം നൽകുന്നതിനായി ഇന്ത്യയും യുഎസും ചർച്ചകൾ പുനരാരംഭിക്കുന്നത്.

ദക്ഷിണേഷ്യയിലെ യുഎസ് വ്യാപാര പ്രതിനിധി ബ്രണ്ടൻ ലിഞ്ചിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ പ്രതിനിധി സംഘം എത്തിയിരിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ രാജേഷ് അഗർവാൾ ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വാർത്താ ഏജൻസികൾ അറിയിച്ചു.

ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉണ്ടാക്കുന്നതിൽ അതിയായി താൽപര്യപ്പെടുന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ സാധ്യതകൾ തുറക്കുന്നതിന് വഴിയൊരുക്കുമെന്ന് മറുപടി പറഞ്ഞു. നയതന്ത്ര – വ്യാപാര തലത്തിൽ ഇരു രാജ്യങ്ങളിലും പോസിറ്റീവായ നീക്കം നടത്തും എന്നാണ് പ്രതീക്ഷയെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു

ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന താരിഫുകൾ മൂലം അവതാളത്തിലായി സ്വതന്ത്ര വ്യാപാര കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായാണ് ഉദ്യോഗസ്ഥർ ഇന്ന് നടക്കുന്നചർച്ചകളെ വിലയിരുത്തുന്നത്. അഞ്ച് റൗണ്ട് ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു, ആറാമത്തെ റൗണ്ട് ഓഗസ്റ്റ് 25 മുതൽ 29 വരെ ഷെഡ്യൂൾ ചെയ്തിരുന്നു എങ്കിലും പിന്നീട് മാറ്റിവച്ചു.

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് മേലുള്ള ഉയർന്ന താരിഫുകൾ കാരണം യുഎസ് ഇറക്കുമതിക്കാർ ഓർഡറുകൾ റദ്ദാക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യൻ കയറ്റുമതിക്കാർ ബിസിനസിൽ നഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കകൾ നിലനിൽക്കുന്ന സമയത്താണ് യുഎസ് പ്രതിനിധികളുടെ സന്ദർശനം. കയറ്റുമതിക്കാർ നേരിടുന്ന അടിയന്തര വ്യാപാര വെല്ലുവിളി പരിഹരിക്കുന്നതിനായി സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും, നഷ്ടത്തിന്റെ കൃത്യമായ കണക്ക് വ്യക്തമല്ലാത്തതിനാൽ, പ്രശ്നം എങ്ങനെ മികച്ച രീതിയിൽ പരിഹരിക്കാമെന്ന കാര്യത്തിൽ സർക്കാർ തലത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

എന്നിരുന്നാലും, യുഎസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ശക്തമാക്കാനും ഉക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും യുഎസ് ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടു. റഷ്യയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങുന്നവർ ചൈനയും ഇന്ത്യയുമാണ്.

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ ഉറച്ചുനിന്നു. സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകളാണ് ഇന്ത്യയുടെ എണ്ണ വാങ്ങലുകളെ നയിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഉപഭോക്താവാണ് ഇന്ത്യ, ആവശ്യത്തിന്റെ 88 ശതമാനവും നിറവേറ്റുന്നതിന് രാജ്യം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

Related Posts