Homepage Featured Kerala News

രാഹൂൽ മാങ്കൂട്ടത്തിനെ അനുഗമിച്ചു; നേമം ഷജീറിനെതിരെ പരാതിയുമായി ഒരു വിഭാഗം

കോൺഗ്രസിന്റെ നിർദേശം മറികടന്ന് കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കാണ് നീക്കം. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.

നേമം ഷജീറിന് ഒപ്പമാണ് രാഹുല്‍ ഇന്നലെ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായി. ഷജീറിനെതിരെ നടപടിക്ക് പാര്‍ട്ടി തയ്യാറാകുമോയെന്ന കാര്യം വ്യക്തമല്ല. ഇതു സംബന്ധിച്ച ചോദ്യത്തിനു ഉത്തരം നൽകാൻ ഇന്നലെ കെപിസിസി അധ്യക്ഷനും തയ്യാറായിരുന്നില്ല. എന്നാൽ രാഹുലിനെ അനുഗമിച്ചതിനെ പാർട്ടി ഇന്നലെ ന്യായീകരിക്കുകയാണ് ചെയ്തത്. സസ്പെന്റ് ചെയ്ത പാർട്ടി പ്രവർത്തകനോട് സംസാരിക്കേണ്ടതില്ലെന്ന് ആരും വിലക്കിയിട്ടില്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതിയല്ല കോൺഗ്രസിനെന്നും കമ്യൂണിസ്റ്റ് പാർട്ടി എം വി രാഘവനോട് ചെയ്തതൊന്നും കോൺഗ്രസ് ഒരു പ്രവർത്തകനോടും ചെയ്യില്ലെന്നുമായിരുന്നു പ്രതികരണം.

ഇതിന് പിന്നാലെയാണ് തിരുവനന്തപരുത്തെ തന്നെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാപ്രസിഡന്റിനെതിരെ രംഗത്തെത്തിയത്. വി ഡി സതീശനെതിരെ സാമൂഹ മാധ്യമങ്ങളിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു പരാതി എന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാഹുൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് പിന്നാലെ രാഹുലിനെതിരെ തനിക്ക് നാല് പരാതി ലഭിച്ചിരുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞത് രാഹുലിനൊപ്പം നിൽക്കുന്നവരെ പ്രകോപിപ്പിച്ചിരുന്നു. പാർട്ടി നേതൃത്വത്തിന്റെ എല്ലാ വിയോജിപ്പും ഉണ്ടായിട്ടും അതിനെ വകവെക്കാതെ നിയമസഭയിലെത്തിയ രാഹുൽ പിന്നീട് എം എൽ എ ഹോസ്റ്റലിലേക്ക് പോയി. അവിടുന്ന് പുറത്തിറങ്ങിയ ശേഷം ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞ രാഹുൽ വാഹനത്തിൽ നിന്ന് ഇറങ്ങാതെ മാധ്യമങ്ങളെ കണ്ടതും പാർട്ടിയ്ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.

ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് തിരിക്കുമെന്നാണ് വിവരം. ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ സജീവമാകാനാണ് നീക്കം. എന്നാൽ പാലക്കാട്ട് എത്തിയാൽ ഏതെങ്കിലും പൊതുപരിപാടിയിൽ പങ്കെടുത്താൽ എല്ലാ വിധേയനേയും എതിർക്കുമെന്നാണ് ഇടത് യുവജനപ്രസ്ഥാനങ്ങളുടെ നിലപാട്.

Related Posts