Kerala Lead News News

ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ രാഹുലിന്റെ തന്ത്രം; സതീശനും സണ്ണി ജോസഫും കടുത്ത അതൃപ്തിയില്‍ 

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ സഭയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നിയമസഭയില്‍ എത്തരുതെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് അവഗണിച്ചാണ് രാഹുലിന്റെ വരവ്. 

ഒറ്റയ്ക്കല്ലെന്നു സ്ഥാപിക്കാന്‍ സര്‍പ്രൈസ് എന്‍ട്രി 

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിലെ നടപടികള്‍ ആരംഭിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. സമ്മേളനം ആരംഭിക്കുന്ന സമയത്ത് രാഹുലിനെ കാണാതായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കരുതിയത് ആരോപണ വിധേയനായ എംഎല്‍എ എത്തില്ലെന്നായിരുന്നു. എന്നാല്‍ ആദ്യദിവസമായ ഇന്നലെ അന്തരിച്ച നേതാക്കള്‍ക്കു ചരമോപചാരം അര്‍പ്പിക്കുന്ന വേളയിലാണ് രാഹുല്‍ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുലിന്റെ എന്‍ട്രി. താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിക്കുക കൂടിയായിരുന്നു രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എയ്‌ക്കൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. 

സഭയില്‍ നാടകീയ രംഗങ്ങള്‍ 

രാഹുല്‍ നിയമസഭയിലെത്തിയ ശേഷം പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചു. ഈ കുറിച്ച് വായിച്ച ശേഷം രാഹുല്‍ അതില്‍ തന്നെ മറുപടി എഴുതി നിയമസഭാ ജീവനക്കാരനു തിരിച്ചുനല്‍കി. എന്താണ് ഈ കുറിപ്പിലെ ഉള്ളടക്കമെന്ന് വ്യക്തമല്ല. നിയമസഭാ ജീവനക്കാരനു കുറിപ്പ് തിരിച്ചുകൊടുത്തതിനു പിന്നാലെ രാഹുല്‍ സഭ വിട്ടു. പ്രതിപക്ഷ നേതാവില്‍ നിന്നോ കോണ്‍ഗ്രസ് നേതൃത്വവുമായി അടുപ്പമുള്ള ഏതെങ്കിലും എംഎല്‍എമാരില്‍ നിന്നോ രാഹുലിന് എന്തെങ്കിലും നിര്‍ദേശം ലഭിച്ചതാകാമെന്നാണ് സൂചന. 

ഒന്നാം ദിനം സമാധാനപരം, പക്ഷേ? 

ആദ്യദിനമായ ഇന്നലെ അന്തരിച്ച നേതാക്കള്‍ക്കു ചരമോപചാരം അര്‍പ്പിക്കല്‍ മാത്രമാണുള്ളത്. അതിനാല്‍ സഭയില്‍ പ്രതിഷേധത്തിനു സാധ്യതയില്ലെന്ന് രാഹുലിനു അറിയാം. അതുകൊണ്ടാണ് ഇന്നത്തെ വരവ്. എന്നാല്‍ ഇന്ന് മുതല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഭരണകക്ഷി എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ നാളെ രാഹുല്‍ സഭയിലെത്തുമോ എന്ന കാര്യത്തില്‍ സംശയമാണ്. 

നേതൃത്വത്തിനു കടുത്ത അതൃപ്തി 

രാഹുല്‍ നിയമസഭാ സമ്മേളനത്തിനു എത്തിയതില്‍ പാര്‍ട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തിയുണ്ട്. സതീശന്റെയും സണ്ണി ജോസഫിന്റെയും നിലപാടിനു യാതൊരു വിലയും കല്‍പ്പിക്കാതെയാണ് രാഹുല്‍ ഇന്ന് സഭയിലെത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുന്നതിന്റെ സൂചന കൂടിയാണിത്. ഷാഫി പറമ്പില്‍ എംപിയുടെ അനുവാദത്തോടെയാണ് രാഹുല്‍ ഇന്ന് നിയമസഭയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts