കാസർഗോഡ്: പോക്സോ കേസിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ വികെ സൈനുദീനെ സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ സൈനുദീൻ റിമാൻഡിൽ ആണ്. 18 പേർ രണ്ടുവർഷമായി പീഡിപ്പിച്ചിരുന്നെന്നാണ് 16 കാരൻ പൊലീസിന് നൽകിയ മൊഴി.
ഡേറ്റിംഗ് ആപ്പ് ഏജന്റായിരുന്നു കുട്ടിയെ പ്രതികൾക്കായി കൈമാറിയിരുന്നത്. പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനും ഉൾപ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ള 9 പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് ഒളിവിലാണ്.
രണ്ട് വർഷം മുൻപ് ഡേറ്റിംഗ് ആപ്പിൽ അംഗമായ കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. 18 വയസ്സ് കഴിഞ്ഞവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ തെറ്റായ വിവരങ്ങൾ നൽകിയാണ് കുട്ടി അംഗമായത്. കുട്ടിയുടെ വീട്ടിൽനിന്ന് ഒരാൾ ഇറങ്ങി പോകുന്നത് കണ്ട അമ്മ കുട്ടിയെ ചോദ്യം ചെയ്യുകയും തുടർന്ന് കൗൺസിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് ഞെട്ടിപ്പിക്കുന്ന പീഡന വിവരം പുറത്തുവന്നത്.
നാല് സിഐമാരുടെ നേതൃത്വത്തിൽ അതീവ രഹസ്യമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ ചന്തേര പോലീസ് സ്റ്റേഷനിൽ ആറു കേസുകളും കണ്ണൂർ,കോഴിക്കോട്, എറണാകുളം ജില്ലകളിലായി എട്ടു കേസുകളും രജിസ്റ്റർ ചെയ്തു.
















