Homepage Featured Kerala News

സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും; രാഹുലിൽ വലഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച തുടങ്ങിയ നിയമസഭ സമ്മേളനത്തിൽ എത്തിയതിൽ കോൺഗ്രസിനുള്ളിൽ തന്നെ ആശയക്കുഴപ്പം. രാഹുൽ സഭ സമ്മേളനത്തിൽ വിട്ടുനിൽക്കണമെന്നായിരുന്നു നേരത്തെ പാർട്ടി അനൗദ്യോഗികമായി രാഹുലിന് നൽകിയ നിർദ്ദേശമെന്ന് അറിയാൻ സാധിക്കുന്നു. എന്നാൽ, ഇത് മറികടന്നുകൊണ്ടാണ് ഒരു വിഭാഗം നേതാക്കളുടെ രഹസ്യ പിന്തുണയോടെ രാഹുൽ ആദ്യ ദിവസം തന്നെ സമ്മേളനത്തിൽ പങ്കെടുത്തത്. ഇത് സഭയ്ക്ക് പുറത്ത് വലിയ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന്റെ പങ്കാളിത്തം സംബന്ധിച്ച് നിർണായക തീരുമാനമെടുത്തിരിക്കുകയാണ് കോൺഗ്രസ്. 

നിയമസഭയിൽ‌ എത്തേണ്ടതില്ലെന്നു രാഹുലിനെ പാർട്ടി അറിയിച്ചതായാണ് വിവരം. വരും ദിവസങ്ങളിലും രാഹുൽ സഭയിൽ എത്തിയേക്കില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ സഭയിൽ ഹാജരാകാനും സാധ്യതയുണ്ട്. രാഹുൽ സഭയിലെത്തിയാൽ സർക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും എന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പാർട്ടിയെ ബോധ്യപ്പെടുത്തി. മാധ്യമങ്ങളുടെ ഉൾപ്പെടെ ശ്രദ്ധ രാഹുലിലേക്ക് തിരിയും. ഇതാണ് സഭയ്ക്കകത്തും പുറത്തും ഇന്നലെ ദൃശ്യമായതെന്നും പാർട്ടി വിലയിരുത്തി.

കസ്റ്റഡി മാർദനമടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ട. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്ന സാഹചര്യത്തിൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുക സാധ്യമല്ലാതെ വരും. സമ്മേളന കാലത്ത് ചർച്ച രാഹുലിലേക്ക് കേന്ദ്രീകരിക്കാനും പാർട്ടി ആഗ്രഹിക്കുന്നില്ല. സസ്പെൻ‌ഷനിലായതിനാൽ രാഹുൽ സഭയിലേക്കു വരുന്നതും പോകുന്നതുമൊന്നും പാർട്ടിയെ ബാധിക്കില്ലെന്ന് പൊതുവെ പറയാമെങ്കിലും, വിഷയത്തെ അത്തരത്തിൽ വിലകുറച്ചു കാണരുതെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനത്തിലെ നടപടികള്‍ ആരംഭിച്ച ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. സമ്മേളനം ആരംഭിക്കുന്ന സമയത്ത് രാഹുലിനെ കാണാതായപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം കരുതിയത് ആരോപണ വിധേയനായ എംഎല്‍എ എത്തില്ലെന്നായിരുന്നു. എന്നാല്‍ ആദ്യദിവസമായ ഇന്നലെ അന്തരിച്ച നേതാക്കള്‍ക്കു ചരമോപചാരം അര്‍പ്പിക്കുന്ന വേളയിലാണ് രാഹുല്‍ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗിക്കുമ്പോഴായിരുന്നു രാഹുലിന്റെ എന്‍ട്രി. താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിക്കുക കൂടിയായിരുന്നു രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എയ്‌ക്കൊപ്പമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. 

രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ് പരാതി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കാണ് നീക്കം. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.

നേമം ഷജീറിന് ഒപ്പമാണ് രാഹുല്‍ ഇന്നലെ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുലിനെ അനുഗമിച്ചത് പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായി. 

Related Posts