തിരുവനന്തപുരം: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി. നിയമസഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടിപ്പോളാണ് രാഹുൽ എത്തിയത്. പ്രത്യേക ബ്ലോക്കിലായിരിക്കും രാഹുൽ മാങ്കൂട്ടത്തിൽ ഇരിക്കുക.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ എതിര്‍പ്പ് തള്ളിയാണ് രാഹുൽ സഭയിലെത്തിയത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. സഭയിലേക്കു രാഹുൽ വന്നപ്പോൾ ആരും പ്രതികരിച്ചില്ല. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടെയാണ് രാഹുൽ കയറി വന്നത്.
രാഹുൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ് എന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. രാഹുലിന് നിയമപരമായി വരാൻ അധികാരമുണ്ടെന്നും എന്നാൽ ധാർമികയുടെ ഭാഗമായി ഇല്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണെന്നും ജയരാജൻ വിമർശിച്ചു. ഓരോ പ്രശ്‌നങ്ങളിലും അനുയോജ്യമായ നിലപാട് എടുത്തിട്ടുണ്ട്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. അലങ്കോലമുണ്ടാക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട് എന്നദ്ദേഹം പറഞ്ഞു
അതെ സമയം നിയമസഭസമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് രാഷ്ട്രീയ പ്രവർത്തകർക്ക് അപമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു. രാഹുൽ സഭയിൽ എത്തിയാൽ പ്രതിഷേധം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പ്രകോപനം ഇങ്ങോട്ടുണ്ടാക്കിയാൽ സ്വാഭാവികമായും പ്രതിരോധിക്കും. യുഡിഎഫ് പുണ്യവാളന്മാർ ഒന്നുമല്ലെന്നും യുഡിഎഫ് കാലത്തെ പോലീസ് അതിക്രമങ്ങൾ ഓർമ്മിപ്പിച്ച് വി. ശിവൻകുട്ടി പ്രതികരിച്ചു. വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാനാണ് സർക്കാർ ഉദ്ദേശിച്ചിട്ടുള്ളത്. സഭസ്തംഭിപ്പിക്കാനോ തടസപ്പെടുത്താനോ ഞങ്ങൾ തയ്യാറല്ല. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയും രാഹുലുമാണ്. ധാർമികമായി നിയമസഭ സമ്മേളനത്തിൽ വന്നിരിക്കുവാനുള്ള ഒരു അവകാശം രാഹുലിനുണ്ടോ ഇല്ലയോ എന്നതാണ് പ്രശ്‍നം. രാഷ്ട്രീയപ്രവർത്തകർക്ക് തന്നെ അപമാനമാണ് രാഹുൽ എന്ന് മന്ത്രി പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാസമ്മേളനത്തിന് എത്തിയാൽ പ്രത്യേക ബ്ലോക്കിൽ ഇരുത്തുമെന്ന് സ്‌പീക്കർ എ എൻ ഷംസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്‌തതായും പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒക്ടോബര്‍ 10 വരെയാണ് നിയമസഭ സമ്മേളനം. മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം.
















