Homepage Featured Kerala News

രാഹുലിനെ വഴിയിൽ തടഞ്ഞ് ഡിവൈഎഫ്ഐ; ചോദ്യങ്ങൾക്ക് ഉത്തരമില്ല; നാളെ മുതൽ സഭയിലെത്തില്ല

തിരുവനന്തപുരം: ലൈംഗിക ആരോപണത്തെത്തുടർന്ന് കോൺ​ഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി, പ്രതിരോധത്തിലാക്കി തുടങ്ങിയ പ്രസ്താവനകൾ ശറിയല്ലെന്നും അങ്ങനെയൊരു ചിന്തപോലും തനിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തില്ലെന്ന കോൺഗ്രസിന്റെ കണക്ക് കൂട്ടൽ തെറ്റിച്ചാണ് രാവിലെ രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് നിയസഭയിലേക്കും എത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.

രാവിലെ സഭയിലെത്തിയ രാഹുലിനെ പ്രതിപക്ഷ നിരയിലെ നേതാക്കൾ അവഗണിച്ചു. ആരും രാഹുലിനോട് നേരിട്ട് സംസാരിക്കുകയോ അടുത്തുവരികയോ ചെയ്തില്ല. സഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അനുസ്മരിക്കുന്നതിനിടയിലായിരുന്നു രാഹുലിന്റെ വരവ്. ആ സമയത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രതികരിച്ചില്ല. ലീഗ് എം എൽ എ മാർ മാത്രമാണ് രാഹുലിന്റെ അടുത്തെത്തി സംസാരിച്ചതും കൂടെ ഇരുന്നതും. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് എംഎൽമാരുടെ ഇരിപ്പിടിത്തിന് പിന്നിലായാണ് രാഹുൽ ഇരുന്നത്. കുറച്ച് സമയത്തിന് ശേഷം പുറമേ നിന്ന് ഒരു കുറിപ്പ് രാഹുലിന് ലഭിച്ചു. അതിന് മറുപടി നൽകിയതിന് പിന്നാലെ രാഹുൽ സഭയിൽ നിന്ന് പുറത്തേക്ക് പോയി.

എംഎൽ എ ഹോസ്റ്റലിലേക്കാണ് നേരെ പോയത്. എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് രാഹുലിനെ തടഞ്ഞത്. എംഎൽഎ ഹോസ്റ്റലിന് സമീപത്ത് വെച്ചാണ് സംഭവം. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.

എന്നാൽ അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും. താൻ നിരന്തരം നേരിട്ട പിണറായി വിജയന്റെ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തനിക്കെതിരെ എന്തെങ്കിലും കിട്ടിയാൽ വെറുതെ വിടില്ലെന്നും അതുകൊണ്ട് അന്വേഷണം കഴിയുന്നത് വരെ പ്രതികരിക്കാനില്ലെന്നും രാഹുൽ പറഞ്ഞു. തികച്ചും സമാധാനപരമായിട്ടായിരുന്നു രാഹുലിന്റെ ഇന്നത്തെയും പ്രതികരണം. പാർട്ടിയെ ധിക്കരിച്ചിട്ടില്ല. ഇനിയും അതുണ്ടാവില്ല. അന്വേഷണത്തിന്റെ പരിധിയിൽ ഇരിക്കുന്ന കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ പ്രതികരകിക്കാനില്ലെന്ന് പറഞ്ഞാണ് ഓഡിയോ സന്ദേശത്തെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് രാഹുൽ ഒഴിഞ്ഞു മാറിയത്.

നിയമസഭയിലെത്തിയ രാഹുൽ ഇന്നോ നാളെയോ പാലക്കാട്ടേക്ക് തിരിക്കും എന്നാണ് വിവരം. വരും ദിവസങ്ങളിൽ സഭയിൽ എത്തില്ല. പകരം മണ്ഡലത്തിൽ സജീവമാകും എന്നാണ് വിവരം. എന്നാൽ മണ്ഡലത്തിൽ ഏതെങ്കിലും പൊതുപരിപാടിയിൽ രാഹുൽ പങ്കെടുത്താൽ സകല ശക്തിയും ഉപയോഗിച്ച് എതിർക്കുമെന്നാണ് ഇടത് യുവജനപ്രസ്ഥാനങ്ങളുടെ നിലപാട്.

രാഹുൽ മാങ്കുട്ടത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് ഇന്നും തുടർന്നത്. രാഹുലിനെതിരെ വി ഡി സതീശന് നാല് പേർ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ ഐഎഎസ് ഉദ്യോഗസ്ഥയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യഗിക പ്രതികരണം വി ഡി സതീശന്റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. കെപിസിസി യോഗത്തിന് ശേഷം പുറത്തിറങ്ങിയ വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായതുമില്ല.

Related Posts