Homepage Featured India News

ബ്രഹ്മപുത്രയിലെ അണക്കെട്ട് ഇന്ത്യാ- ചൈന ബന്ധത്തെ നിർണയിക്കുമോ?

ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്നതിനുള്ള നടപടികൾ ചൈന ഊർജ്ജിതമാക്കിയതിന് പിന്നാലെ ബ്രഹ്മപുത്രയിൽ വലിയ അണക്കെട്ട് നിർമിക്കാൻ ഒരുങ്ങി ഇന്ത്യയും. അരുണാചൽപ്രദേശിലെ ദിബാങിലാണ് അണക്കെട്ട് നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചു. ബ്രഹ്മപുത്രയിൽ ചൈന വലിയ അണക്കെട്ട് നിർമിക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. അണക്കെട്ടു നിർമിച്ചശേഷം മുന്നറിയിപ്പില്ലാതെ അത് തുറന്നുവിട്ടാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകാം. ഈ ഭീഷണിയെ പ്രതിരോധിക്കാനാണ് പുതിയ അണക്കെട്ട് ഇന്ത്യ നിർമിക്കുന്നത്. പുതിയ അണക്കെട്ടിന് 278 മീറ്റർ ഉയരമുണ്ടാകും.

പൊതുമേഖലാ സ്ഥാപനമായ നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് അണക്കെട്ട് നിർമിക്കുന്നത്. 17,069 കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറായി. ആഗോള ടെൻഡർ വിളിച്ചു. അണക്കെട്ട് നിർമാണം 2032ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 2880 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയും അണക്കെട്ടിന്റെ ഭാഗമായുണ്ടാകും. എന്നാൽ അണക്കെട്ട് നിർമാണം നിലവിലെ ഇന്ത്യാ ചൈന ബന്ധത്തിന് തടസ്സമാകുമോ എന്ന ആശങ്കയും ശക്തമാണ്. നേരത്തെ ചൈന അണക്കെട്ട് നിർമിക്കുമെന്ന് പ്രഖ്യാപിക്കുന്ന സമയത്ത് ഇന്ത്യയും ചൈനയും തമ്മിൽ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. അമേരിക്കയുടെ താരിഫ് യുദ്ധത്തിന് പിന്നാലെ ഇന്ത്യയും ചൈനയും കൂടുതൽ ശക്തമായ ബന്ധം സൂക്ഷിക്കുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം വരുന്നത്.

ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ നിർമാണമാണ് ബ്രഹ്മപുത്ര നദിയിൽ ചൈന ആരംഭിച്ചിട്ടുള്ളത്. ടിബറ്റിലെ ഇന്ത്യ–ചൈന അതിർത്തിയിൽ അരുണാചൽ പ്രദേശിനടുത്തുള്ള നിങ്ചിയിലാണ് 16,700 കോടി ഡോളറിന്റെ നിർമാണ പദ്ധതി ആരംഭിച്ചത്. 5 വൈദ്യുത പദ്ധതികൾ ഉൾക്കൊള്ളുന്നതാണ് അണക്കെട്ട്. ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണു ബ്രഹ്മപുത്രയിലേത്. മാലയൻ നിരകളിലൂടെ ബ്രഹ്മപുത്ര നദി അരുണാചൽപ്രദേശിലേക്കു പ്രവേശിക്കുന്നതിനു മുൻപ്, വളഞ്ഞൊഴുകുന്ന വൻ മലയിടുക്കിലാണ് പദ്ധതി വരുന്നത്.

അരുണാചൽ കടന്ന് ബ്രഹ്മപുത്ര ഒഴുകുന്നത് ബംഗ്ലദേശിലേക്കാണ്. ഈ മേഖല പരിസ്ഥിതി ലോല പ്രദേശമാണെന്നും തുടർച്ചയായി ഭൂചലനം ഉണ്ടാകാറുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈന മറുപടി നൽകിയത്. ഒരു തരത്തിലും ഇന്ത്യയേയും ബംഗ്ലാദേശിനേയും പ്രതിസന്ധിയിലാക്കുന്നതല്ല ചൈനയുടെ പുതിയ അണക്കെട്ട് എന്ന് അവർ ആവർ്തതിക്കുന്നെങ്കിലും അണക്കെട്ട് തുറന്നുവിട്ടാൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ഭൌമശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

നിലവിൽ ചൈന അണക്കെട്ട് നിർമാണം തുടരുന്നതാണ് ഇന്ത്യയെ പുതിയ അണക്കെട്ട് നിർമിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ നീക്കം പ്രതികൂലമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തൽ. ഇതിനിടെ ടിക് ടോക് വിൽപന ചർച്ച ചെയ്ത് ചൈനയും അമേരിക്കയും പുതിയ തുടക്കം കുറിക്കുന്നതും ചർച്ചയായി.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങും തമ്മലുള്ള കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നുവെന്നാണ് സൂചന. ഇരു രാജ്യങ്ങളും തമ്മലുള്ള വ്യാപര ബന്ധം ഉൾപ്പെടെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിനിധികൾ മാഡ്രിഡിൽ കൂടിക്കാഴ്ച നടത്തി. ആറ് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ ചില നിർണായ നീക്കങ്ങിൽ ധാരണയായെന്നാണ് വിവരം. അമേരിക്കയുമായുള്ള ടിക് ടോക് കരാർ അടുത്ത ദിവസം അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. സെപ്തംബർ 17 ന് അവസാനിക്കുന്ന കരാർ കാലാവധി നീട്ടി നൽകുമെന്നാണ് സൂചന.

ഇന്ത്യ റഷ്യ ചൈന കൂട്ടുകെട്ട് അന്തർദേശീയ തലത്തിൽ ചർച്ചയാവുന്നതിന് പിന്നാലെയാണ് ഈ നീക്കങ്ങൾ. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയേയും അമേരിക്കയേയും പിണക്കാൻ ചൈന തയ്യാറാവില്ലെന്നാണ് കണക്ക് കൂട്ടൽ. ഇന്നലെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ തീരുവ കൂട്ടുമെന്ന മുന്നറിയിപ്പും നൽകി. ഇതിനെ ചൈന പൂർണമായും അവഗണിച്ചിരുന്നു.

Related Posts