തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഇന്ന് തുടങ്ങുന്ന അവസരത്തിൽ, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസസഭയിൽ എത്താൻ സാധ്യതയുണ്ട് എന്ന സൂചനകളാണ് വരുന്നത്. രാഹുലുമായി ചില നേതാക്കൾ സംസാരിച്ചതായാണ് വിവരം. 9 മണിക്ക് സഭ ആരംഭിക്കും. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനോട് കോൺഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് സ്പീക്കർക്ക് കത്ത് നൽകിയതിനാൽ സഭയിലെത്തുന്ന രാഹുലിന്റെ സ്ഥാനം പ്രത്യേക ബ്ലോക്കിലായിരിക്കും.
പ്രതിപക്ഷം എന്തെല്ലാം ആരോപണങ്ങൾ ഉന്നയിച്ചാലും ഇടതുപക്ഷം പ്രധാനമായും ഉയർത്തുക രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളായിരിക്കും. ജനപ്രതിനിധി പദവി രാജിവെക്കാത്ത സാഹചര്യത്തിൽ നിയമസഭയിൽ വരുന്നതിന് തടസ്സമില്ല. മാത്രമല്ല ആരോപണങ്ങൾക്കപ്പുറത്ത് പരാതിയായി ഉന്നയിക്കാത്തതും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തതും രാഹുലിന് തുണയാകും. ആരോപണങ്ങൾക്ക് ശേഷം മാധ്യമങ്ങളിൽ നിന്ന് പോലും അകന്നു നിൽക്കുന്ന രാഹുൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനുള്ള സാധ്യത കുറവാണ്. രാഹുൽ സഭയിൽ പങ്കെടുത്താൽ പോലീസ് അതിക്രമമടക്കം പ്രതിപക്ഷം സർക്കാരിനെതിരേ ഉയർത്തുന്ന ആയുധങ്ങളുടെ മൂർച്ച കുറയുകയും ശ്രദ്ധ വഴിമാറുകയും ചെയ്യുമെന്നതിൽ തർക്കമില്ല.
















