ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പ്രശംസിച്ച് സൂപ്പർതാരം രജനീകാന്ത്. സംഗീതജ്ഞൻ ഇളയരാജയുടെ 50 വർഷം പൂർത്തിയാക്കിയ ആഘോഷ വേദിയിലായിരുന്നു രജനിയുടെ വാക്കുകൾ. പഴയതും പുതിയതുമായ രാഷ്ട്രീയ എതിരാളികളെ ഒരുപോലെ നേരിടുന്ന സ്റ്റാലിൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തെളിഞ്ഞ നക്ഷത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘കേന്ദ്രത്തിൽ ഭരിക്കുന്ന സർക്കാരിന് മാത്രമല്ല പുതിയതും പഴയതുമായ എല്ലാ എതിരാളികൾക്കും എം.കെ. സ്റ്റാലിൻ വെല്ലുവിളി ഉയർത്തുന്നു. ദേശീയ രാഷ്ട്രീയത്തിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. തന്റെ സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം 2026-ലെ തിരഞ്ഞെടുപ്പിനായി തയ്യാറെടുത്തുകഴിഞ്ഞു എന്ന് തോന്നുന്നു’ രജനീകാന്ത് പറഞ്ഞു.
നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ഇളയരാജ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ ധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഒഴിവുവന്ന സീറ്റിൽ ഡിഎംകെ പിന്തുണയിൽ കമൽഹാസൻ രാജ്യസഭയിലെത്തിയത്.
അതേസമയം നടൻ വിജയുടെ വിജയ്‌യുടെ ആദ്യത്തെ സംസ്ഥാന പര്യടനത്തിന് ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ തുടക്കമിട്ടു. ഡിസംബർ 20 വരെ നീളുന്ന പര്യടനം തമിഴ്നാട്ടിലെ 38 ജില്ലകളിലൂടെയും കടന്നു പോകും. ഉദ്ഘാടന പ്രസംഗത്തിൽ വിജയ് ഡിഎംകെ സർക്കാരിനെ കടുത്ത വിമർശനം നേരിട്ടു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. വിജയ് സിനിമാ താരമായതിനാലാണ് ആളുകൾ കൂടുന്നതെന്ന് ബിജെപിയും മറ്റ് ദ്രാവിഡ പാർട്ടികളും പരിഹസിച്ചിരുന്നു. മറുപടിയായി “ആളെക്കൂട്ടി ബഹളംവെച്ച് ജനജീവിതം തടസ്സപ്പെടുത്തുന്ന പ്രസ്ഥാനമല്ല ഡിഎംകെ ” എന്നാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ പ്രതികരണം.