Homepage Featured Kerala News

നിയമസഭയിൽ വാക് പോര് കടുക്കും; രാഹുലിനെ മുൻനിർത്തി പ്രതിരോധം തീർക്കാൻ സർക്കാർ


തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുന്നു എന്നത് ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിന് മാറ്റ് കൂട്ടും. നാടു നീളെ നടക്കുന്ന പോലീസ് നരനായാട്ടും അതിക്രമങ്ങളുമാണ് സർക്കാറിനെതിരെ പ്രതിപക്ഷം കരുതിവെച്ചിരിക്കുന്ന പ്രധാന ആയുധം. പോലീസ് സ്റ്റേഷനിലെത്തന്നെ സിസിടിവി ദൃശ്യങ്ങൾ മർദനത്തിന് നേർസാക്ഷ്യമായിരിക്കെ നിഷേധിക്കാൻ ഭരണപക്ഷം പാടുപെടും. ഒന്നിനുപിന്നാലെ ഒന്നായി വെളിപ്പെടുന്ന ലോക്കപ്പ് മർദനം മുൻനിർത്തി ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ശ്രമിക്കും. സിപിഎം, സിപിഐ സമ്മേളനങ്ങളിൽ ആഭ്യന്തരവകുപ്പിനെതിരേ ഉയർന്ന പരാതികളും പ്രതിപക്ഷത്തിന് തുണയേകും.

കസ്റ്റഡി മർദനങ്ങളിൽ അന്വേഷണമോ, ആരോപണവിധേയർക്കെതിരേ നടപടിയോ സഭയിൽ പ്രഖ്യാപിച്ചേക്കാം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി തുടരുന്ന മൗനം പ്രതിപക്ഷത്തിന്റെ മികച്ച ആയുധങ്ങളിലൊന്നാണ്. കുന്നം കുളത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പൊലീസ് സ്റ്റേഷനുകളിൽ നിന്ന് മർദനത്തിന്റെ ദൃശ്യങ്ങളുൾപ്പെടെ വന്ന സാഹചര്യത്തിലും പേരിന് പോലും അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകാത്തത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇത്തവണത്തെ സഭാ സമ്മേളനത്തിൽ പൊതുജനവികാരം കണക്കിലെടുത്ത് ഈ വിഷയം തന്നെയായിരിക്കും സഭയിൽ പ്രതിപക്ഷം ഉന്നയിക്കുക. സർക്കാറിനെതിരെ പതിവ് വിമർശനങ്ങൾ തുടരുമ്പോഴും ഇത്തരം എണ്ണം പറഞ്ഞ വിഷയങ്ങളിലൂടെ ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയനിൽ നിന്ന് മറുപടി തേടലായിരിക്കും ലക്ഷ്യം.

വന്യജീവി ആക്രമണത്തിന്റ ദുരിതം വർഷങ്ങളായി സഭയിലെ ചൂടുള്ള ചർച്ചയാണ്. ഇക്കുറിയും അത് തുടരും. നാട്ടിലിറങ്ങുന്ന ശല്യക്കാരായ വന്യമൃഗങ്ങളെ കൊല്ലാനുള്ള നടപടി ലഘൂകരിക്കുന്ന ബില്ലായിരിക്കും സർക്കാരിന്റെ മറുപടി. വന്യജീവിവിഷയത്തിൽ പ്രത്യേക സഭാസമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന കേരള കോൺഗ്രസ്‌(എം)നും സമ്മേളനം ബലംപകരുന്നതാണ്.

ആരോഗ്യരംഗത്തെ പ്രശ്നങ്ങളുയർത്തി സർക്കാരിനെ കടന്നാക്രമിക്കുന്നതിൽ പ്രതിപക്ഷം പ്രകടിപ്പിക്കുന്ന വിരുതിന് ബലമേകി അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണക്കണക്ക് പുറത്തുവന്നു. മെഡിക്കൽ കോളേജുകളിലെ അപര്യാപ്തതയ്ക്കെതിരേ ഉയർന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ചൂണ്ടുവിരൽ പ്രതിപക്ഷം ആയുധമാക്കും. ഗവർണറും സർക്കാരും തുറന്ന പോര് തുടരുന്നതും ഒന്നൊഴികെയുള്ള മറ്റെല്ലാ സർവകലാശാലകളിലും ഇൻ ചാർജ് വിസി ഭരണമെന്ന സ്ഥിതി തുടരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പോരായ്മയായി വിലയിരുത്തും. മുൻപെങ്ങുമില്ലാത്തവിധം സർക്കാർ വിദ്യാഭ്യാസമേഖലയെ രാഷ്ട്രീയ വത്കരിച്ചുവെന്ന കടുത്ത ആരോപണവും പ്രതിപക്ഷം ഉയർത്തും.

ഏഴ് വർഷത്തെ ഭരണ നേട്ടങ്ങളാണ് സർക്കാറിന്റെ വജ്രായുധം. ഓരോ മേഖലയിലും സമഗ്രവികസനത്തിന് സർക്കാർ സ്വീകരിച്ച നടപടികൾ ഉയർത്തിക്കാട്ടിയായിരിക്കും പ്രതിരോധം എന്ന് ഏറെക്കുറെ ഉറപ്പായി. വ്യവസായമേഖലയിലുണ്ടായ വളർച്ചയും വിവിധ രംഗങ്ങളിലെ കേന്ദ്രറാങ്കിങ്ങിൽ കേരളം ഒന്നാമതായതും നേട്ടമായി ഭരണപക്ഷം ഉയർത്തിക്കാണിക്കും. ദേശീയതലത്തിൽ രാഹുൽ ഗാന്ധി വോട്ടുകൊള്ളയ്ക്കെതെിരേ നടത്തുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച മൌനവും ഇന്ത്യാ മുന്നണിയെന്ന ആശയത്തോട് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്ന നിഷേധാത്മക നിലപാടും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. മുഖ്യമന്ത്രിയുടെ മൌനം ബിജെപിയെ പിണക്കാതിരിക്കാനാണെന്ന വിമർശനമായിരിക്കും പ്രധാനം. അയ്യപ്പസംഗമം, ന്യൂനപക്ഷ സംഗമം തുടങ്ങി ഇരുപക്ഷത്തിനും പോരടിക്കാൻ വേറെയും ആയുധങ്ങളുണ്ട്.

പ്രതിപക്ഷം എന്തെല്ലാം ആരോപണങ്ങൾ ഉന്നയിച്ചാലും ഇടതുപക്ഷം പ്രധാനമായും ഉയർത്തുക രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളാണ്. അതുകൊണ്ടു തന്നെ പാർട്ടിയിൽ നിന്ന് സസ്പെന്‍റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനോട് സഭയിൽ എത്തേണ്ടെന്ന് പ്രതിപക്ഷം ഉപദേശിക്കാനും സാധ്യതയുണ്ട്. എന്നാൽ രാഹുലിനോട് സഭയിലേക്ക് വരരുത് എന്ന് പറയാൻ ആർക്കും അധികാരമില്ല. ജനപ്രതിനിധി പദവി രാജിവെക്കാത്ത സാഹചര്യത്തിൽ നിയമസഭയിൽ വരുന്നതിന് തടസ്സവുമില്ല. മാത്രമല്ല ആരോപണങ്ങൾക്കപ്പുറത്ത് പരാതിയായി ഉന്നയിക്കാത്തതും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്തതും രാഹുലിന് തുണയാകും. ആരോപണങ്ങൾക്ക് ശേഷം മാധ്യമങ്ങളിൽ നിന്ന് പോലും അകന്നു നിൽക്കുന്ന രാഹുൽ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കുനുള്ള സാധ്യത കുറവാണ്. ഈ സഭാ സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന് തന്നെയാണ് വിലയിരുത്തൽ. അഥവാ രാഹുൽ പങ്കെടുത്താൽ പോലീസ് അതിക്രമമടക്കം പ്രതിപക്ഷം സർക്കാരിനെതിരേ ഉയർത്തുന്ന ആയുധങ്ങളുടെ മൂർച്ച കുറയുകയും ശ്രദ്ധ വഴിമാറുകയും ചെയ്യുമെന്നതിൽ തർക്കമില്ല.

നിയമസഭാ സമ്മേളന കാലയളവിൽ സർക്കാറിനെതിരെ ആഞ്ഞടിക്കേണ്ട ഘട്ടത്തിൽ ശ്രദ്ധതിരിക്കുന്ന ഒന്നിലേക്കും പ്രതിപക്ഷ നിരയുടെ ശ്രദ്ധതിരിക്കില്ല.അതിന് എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കും എന്ന പ്രതീക്ഷയാണ് പ്രതിപക്ഷ നേതാവ് പങ്കുവെച്ചത്. ഇക്കണ്ട വിവാദങ്ങളെല്ലാം ഉണ്ടായിട്ടും പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിക്കാത്ത രാഹുൽ മാങ്കൂട്ടത്തിൽ ഈ സമ്മേളന കാലത്ത് മറ്റൊരു വിവാദത്തിന് തിരികൊളുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. പാർട്ടി നിലപാട് വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ രാഹുലിന്റെ അഭിപ്രായം എന്തെന്ന് മനസ്സിലാക്കാനാവൂ.

Related Posts