തിരുവനന്തപുരം: ഭിന്നശേഷി അധ്യാപകർക്കുള്ള സംവരണത്തിൽ സർക്കാർ ക്രൈസ്തവ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ മുരിക്കാശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. സുപ്രീം കോടതി ഉത്തരവിൽ എയ്ഡഡ് സ്ക്കൂളുകളിൽ അധ്യാപകരെ നിയമനം നടത്തുമ്പോൾ നാലു ശതമാനം സംവരണം ഭിന്നശേഷിക്കാർക്കായി നൽകണം എന്നുണ്ട്. ഈ ഉത്തരവിനെ തുടർന്ന് സർക്കാർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപകരെ മുഴുവൻ നിയമിച്ച ശേഷമേ മറ്റ് നിയമനങ്ങൾ അംഗീകരിക്കൂ എന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ നിയമനത്തിനായി സർക്കാരിന് അപേക്ഷ നൽകിയെങ്കിലും യോഗ്യതയുള്ളവരെ ലഭ്യമാകുന്നില്ലെന്നാണ് മാനേജ്മെൻറുകൾ പറയുന്നത്.
6600 പേരെയാണ് അധ്യാപക – അനധ്യാപക തസ്തികകളിലായി കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്കൂളുകളിൽ ആവശ്യമുള്ളത്. എന്നാൽ ഈ തസ്തികകളിലേക്ക് യോഗ്യതയുള്ളത് 1100 പേർക്ക് മാത്രമാണ്. സർക്കാർ തീരുമാനത്തിനെതിരെ എൻഎസ്എസ് മാനേജ്മെൻറ് സുപ്രീംകോടതിയെ സമീപിച്ചതിന് ശേഷം കോടതി ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അധ്യാപക തസ്തികകൾ മാറ്റിവച്ചതിനുശേഷം മറ്റ് തസ്തികകളിൽ നിയമന അംഗീകാരം നൽകണമെന്ന് ഉത്തരവിട്ടു. മറ്റു മാനേജ്മെന്റുകളിലെ അധ്യാപകരുടെ നിയമനങ്ങൾ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. ഏപ്രിൽ ഏഴിന് കെസിബിസിയുടെ മാനേജ്മെൻറ് കൺസോർഷ്യവും ഹൈക്കോടതിയെ സമീപിച്ച് സമാനമായ വിധി നേടിയിരുന്നു.
ജൂലൈ 31ന് സംസ്ഥാന സർക്കാർ കത്തോലിക്കാ സഭയുടെ മാനേജ്മെൻ്റിന് കീഴിലുള്ള നിയമനങ്ങൾ നിരസിച്ചുകൊണ്ട് ഇറക്കിയിരിക്കുന്ന ഉത്തരവ് കടുത്ത വിവേചനമാണെന്നാണ് സഭയുടെ ആരോപണം. ഏഴു വർഷത്തിലധികമായി ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം അധ്യാപക തസ്തികകളാണ് സർക്കാർ അംഗീകാരം കാത്തുകിടക്കുന്നത്. അഞ്ച് വർഷത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും അംഗീകാരം ലഭിക്കാത്തതിനാൽ ഇവർക്ക് കിട്ടിയിട്ടില്ല. നിലവിൽ ദിവസ വേതനം മാത്രമാണ് ലഭിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 26ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.