മാനന്തവാടി: വയനാട്ടില്‍ ജീവനൊടുക്കിയ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്ന ആളുകളുടെ മൊഴിയെടുക്കാനും തീരുമാനമായി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് ജോസ് ആത്മഹത്യ കുറിപ്പിൽ ആരോപിക്കുന്നു. മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന.
പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസ് ചോദ്യം ചെയ്തുവിട്ടയച്ച കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗമായ ജോസ് നെല്ലേടത്തിനെയായിരുന്നു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ചശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സോഷ്യല്‍ മീഡിയയില്‍ താന്‍ അഴിമതിക്കാരനെന്ന തരത്തില്‍ പ്രചാരണം നടന്നതായും തന്നെയും തന്റെ കുടുംബത്തേയും തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും മരിക്കുന്നതിന് തൊട്ടുമുന്‍പായി ഷൂട്ട് ചെയ്ത ഒരു വിഡിയോയില്‍ ജോസ് നെല്ലേടത്ത് പറയുണ്ട്. തന്റെ മക്കളുടെ ഭാവി പോലും നശിപ്പിക്കുന്ന വിധത്തിലാണ് പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതെന്ന് ജോസ് വിമര്‍ശിച്ചു.
കഴിഞ്ഞമാസം 22 ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്നും കര്‍ണാടക മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഭര്‍ത്താവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചന്റെ ഭാര്യ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്നും തെളിഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.