തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നേരിടുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസ്സിൽ വീണ്ടും ഭിന്നത. തിങ്കളാഴ്ച 12 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെയാണ് രാഹുൽ വീണ്ടും ചർച്ച വിഷയമാകുന്നത്. രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിയമസഭ സമ്മേളത്തിൽ പങ്കെടുപ്പിക്കണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കമുള്ള മറ്റൊരു വലിയ വിഭാഗത്തിന് രാഹുലിനെ സഭ സമ്മേളനത്തിന്റെ ഭാഗമാക്കുന്നതിനോട് വലിയ വിയോജിപ്പാണ് ഉള്ളത്.
രാഹുലിനെതിരായി ഉയർന്ന വന്ന ആരോപണങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം നിലനിൽക്കുമ്പോഴും ഒന്നിലധികം സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവന്ന സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ മാറ്റി നിർത്തുന്നത് തന്നെയാണ് ഉചിതമെന്ന വിലയിരുത്തലിലാണ് നേതാക്കൾ. അതുകൊണ്ട് തന്നെ രാഹുലിനെ നിയമസഭ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത് കോൺഗ്രസ്സിന് ക്ഷീണമുണ്ടാക്കുമെന്നും നേതാക്കൾ വാദിക്കുന്നു. നിയമസഭയ്ക്ക് അകത്ത് സിപിഎമ്മും മറ്റ് ഭരണകക്ഷികളും എന്ത് നിലപാടാണ് രാഹുലിനെതിരെ സ്വീകരിക്കുകയെന്നതും പരിഗണിക്കേണ്ടതുണ്ട്.
ആരോപണങ്ങളിൽ നിന്ന് മുക്തമാകുന്നതുവരെ രാഹുൽ അവധിയെടുക്കട്ടെയെന്ന നിലപാടാണ് വി.ഡി സതീശനുള്ളത്. നേരത്തെ രാഹുലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന ആദ്യ സൂചന നൽകിയതും സതീശൻ തന്നെയായിരുന്നു. നിലവിലത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിന്റെ മുഖം രക്ഷിക്കുകയെന്നതിനാണ് സതീശനടക്കമുള്ള നേതാക്കൾ മുൻതൂക്കം നൽകുന്നതെന്നും അറിയാൻ സാധിക്കുന്നു. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. ഫലത്തിൽ അദ്ദേഹം കോൺഗ്രസിലില്ല. പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതിനൽകി.
കോൺഗ്രസ് നിയമസഭാകക്ഷിയംഗം അല്ലെങ്കിലും എംഎൽഎ സ്ഥാനം രാജിവെക്കാത്ത സാഹചര്യത്തിൽ സഭയിൽ വരുന്നതിന് രാഹുലിന് സാങ്കേതിക തടസ്സങ്ങളൊന്നുമില്ല. അതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാർക്കുള്ളത്. പാർട്ടിയെന്നനിലയിൽ അദ്ദേഹത്തിന് പിന്തുണയൊന്നും നൽകേണ്ടെന്ന നിലപാടിനോട് എല്ലാവരും യോജിക്കുന്നു. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാൻ സമയം അനുവദിക്കില്ല. അദ്ദേഹം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. പ്രത്യേകവിഷയങ്ങളിലെ ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചാൽ സംസാരിക്കാം. അങ്ങനെ ലഭിച്ചാൽത്തന്നെ ഒന്നോ, രണ്ടോ മിനിറ്റാകും കിട്ടുക.