കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് പത്മജയുടെയും ആത്മഹത്യ ശ്രമം.
എൻ.എം.വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആത്മഹത്യ ശ്രമവും നടത്തിയിരിക്കുന്നത്. ‘കൊലയാളി കോൺഗ്രസേ, നിനക്ക് ഒരു ഇര കൂടി’ എന്നെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
മുള്ളന്‍കൊല്ലിയിലെ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലായിരുന്നു പത്മജ വീണ്ടും മാധ്യമങ്ങളെ കണ്ടത്. നേതാക്കള്‍ പറഞ്ഞുപറ്റിച്ചെന്നും ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ പറഞ്ഞിരുന്നു. ഞങ്ങള്‍ മരിച്ചാല്‍ മാത്രമേ പാര്‍ട്ടിക്ക് നീതിതരാന്‍ കഴിയുകയുള്ളൂ എന്നുണ്ടോയെന്നും കഴിഞ്ഞ ദിവസം അവര്‍ ചോദിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം. വിജയനെയും മകന്‍ ജിജേഷിനെയും വിഷംകഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27-ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണുള്ളതെന്നും എന്നാൽ 20 ലക്ഷം രൂപ മാത്രമാണ് കോൺഗ്രസ് തന്നതെന്നും പത്മജ നേരത്തെ ആരോപിച്ചിരുന്നു.