ആലപ്പുഴ: സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണവുമായി ജി സുധാകരൻ. സെൻസർ ബോർഡിലുള്ളവർ മദ്യപിച്ചിരുന്നാണ് സെൻസറിങ്ങ് നടത്തുന്നതെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി. സിനിമയുടെ തുടക്കത്തില്‍ തന്നെ മദ്യപിക്കുന്ന റോളുകളാണ് കാണിക്കുന്നത്. നിർമ്മാതാക്കൾ പണം നൽകി സെൻസർ ബോർഡിനെ സ്വാധീനിക്കുന്നുണ്ടെന്നും പണവും മദ്യവും നൽകുന്നെന്നും അദ്ദേഹം വിമർശിച്ചു. പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവാരമുള്ള നടന്മാർ പോലും സിനിമയുടെ തുടക്കത്തിൽ എത്തുമ്പോൾ മദ്യപിക്കുകയാണ്. മോഹൻലാൽ പോലും മദ്യപാന സീനുകളുമായാണ് സിനിമയുടെ തുടക്കത്തിലെത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തു. ഇത്തരം രംഗങ്ങൾ കട്ട് ചെയ്യാനും പ്രവണത അവസാനിപ്പിക്കാനും തയ്യാറാകണം, ഇത്തരം രംഗങ്ങൾ ഒഴിവാക്കാൻ ഫിലിം സെൻസർ ബോഡിന് കഴിയുമോ എന്നും അവരും മദ്യപിച്ചാണ് സിനിമ സെൻസർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. അധികാരത്തിലുള്ള പാർട്ടിയുടെ ആളുകളാണിവരെന്നും സിനിമ കണ്ടിട്ടില്ലാത്താവരാണ് ഇവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.