Homepage Featured News World

ജെൻ സി പ്രക്ഷോഭം: നേപ്പാൾ പൂർവ്വസ്ഥിതിയിലേക്ക്; യുദ്ധകാലടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ്

കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ തകർന്ന നേപ്പാളിന്റെ ക്രമസമാധാനം പൂർവസ്ഥിതിയിലേക്ക്.ആക്രമസംഭവങ്ങളിലായി 51 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭകാരികളെ സൈന്യം അടിച്ചമർത്തി. പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും വൻതോതിൽ നടന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്. രാജ്യത്തുടനീളമുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാർ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് വക്താവ് ബിനോദ് ഘിമിറെ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇവർ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനും സാധ്യതയുണ്ട്.

കാഠ്മണ്ഡുവിൽ പോലീസ് സേനയുടെ പ്രവർത്തനങ്ങൾ പൂർവ്വസ്ഥിതിയിലായി. സർക്കാർ വിരുദ്ധ പ്രതിഷേധത്തിനിടെ അക്രമിക്കപ്പെട്ട പോലീസ് സ്റ്റേഷനുകളും എയിഡ് പോസ്റ്റുകളും ദൃത​ഗതിയിൽ തന്നെ പ്രവർത്തന സജ്ജമാക്കി. വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള തകർത്ത സ്റ്റേഷനുകൾ, ബീറ്റുകൾ, യൂണിറ്റുകൾ എന്നിവ ക്രമേണ വീണ്ടും തുറന്നു പ്രവർത്തിച്ചിട്ടുണ്ട്. തെരുവുകളിലും പോലീസ് എയ്ഡ് പോസ്റ്റുകളിലും നേപ്പാൾ പോലീസും സായുധ സേനയും സുരക്ഷാ വിന്യാസം ശക്തമാക്കി.

നേപ്പാളിലെ ജെൻ സി പ്രക്ഷോഭകർ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്തെങ്കിലും പാർലമെന്റ് പിരിച്ചുവിടണമോ എന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം ഇടക്കാല ഭരണകൂടത്തിന്റെ രൂപീകരണം വൈകുകയാണ്. അക്രമകാരികൾ തകർത്ത സുപ്രീംകോടതി പുനർപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തകർത്ത പാർലമെന്റ് മന്ദിരം പൂർവസ്ഥിയിലാക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നേപ്പാൾ ചീഫ് ജനറൽ അശോക് സിഗ്ഡലിന്റെ നേതൃത്വത്തിൽ നടന്ന ഒരു യോഗത്തിൽ, വ്യാഴാഴ്ച രാത്രി വൈകിയും നിയമ, ഭരണഘടനാ വിദഗ്ധരുമായും രാഷ്ട്രപതി രാം ചന്ദ്ര പൗഡലുമായും ചർച്ച നടത്തിയിട്ടുണ്ട്.

ഉപകരണങ്ങൾ തിരികെ നൽകണമെന്ന് പൊലീസ്

ജെൻ സി പ്രക്ഷോഭകാരികൾ പിടിച്ചെടുത്തതോ കവർന്നതോവായ ആയുധങ്ങൾ, വാഹനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, യൂണിഫോമുകൾ എന്നിവ തിരികെ നൽകണമെന്ന് നേപ്പാൾ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. പൊലീസിന് കയ്യേറ്റം ചെയ്യുകയും സ്റ്റേഷനുകൾ തീയിടുകയും ചെയ്ത പ്രക്ഷോഭകാരികൾ പൊലീസ് യൂണിഫോം ധരിച്ചും തോക്കുകൾ കയ്യിലേന്തിയുമായിരുന്നു പ്രക്ഷോഭത്തിന് ആക്കം കൂട്ടിയത്. ക്രമസമാധാനത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഇവ തിരികെ എത്തിക്കണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു. ലോക്കൽ പോലീസിലോ, ജില്ലാ പോലീസ് ഓഫീസുകളിലോ, പോലീസ് കൺട്രോൾ 100 വഴിയോ, നേപ്പാൾ പോലീസ് ആസ്ഥാനവുമായി 9851293459 എന്ന നമ്പറിലോ 16600141516 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകി. യൂണിഫോമുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേപ്പാളിൽ കുടുങ്ങിയവർക്കായി നടപടി

കലാപത്തിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന വിദേശ പൗരന്മാരെ സഹായിക്കുന്നതിനായി നേപ്പാൾ അധികൃതർ നടപടികൾ ആരംഭിച്ചു., സെപ്റ്റംബർ 8 വരെ സാധുതയുള്ള വിസയുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് അധിക ഫീസ് നൽകാതെ എക്‌സിറ്റ് പെർമിറ്റുകൾ നൽകുവാനും വിസകൾ വേ​ഗത്തിൽ ക്രമപ്പെടുത്താനും കഴിയും. ഇമിഗ്രേഷൻ ഓഫീസുകളിലും ഡിപ്പാർച്ചർ പോയിന്റുകളിൽ ഇതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കലാപത്തിനിടെ സന്ദർശകർക്ക് പാസ്‌പോർട്ട് നഷ്ടപ്പെട്ട സാഹചര്യമുണ്ടെങ്കിൽ വിസ ട്രാൻസ്ഫറിനുള്ള ക്രമീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രക്ഷോഭത്തിൽ ഇന്ത്യക്കാർക്കും പരുക്ക്

49 ഇന്ത്യക്കാരുമായി സഞ്ചരിച്ച ബസിനെ പ്രക്ഷോഭകർ ലക്ഷ്യം വച്ചിരുന്നതായി ഹിമാലയൻസ് ട്രൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കല്ലെറിഞ്ഞതായും ജനാലകൾ തകർന്നതായും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റതായും ദൃക്സാകക്ഷികളും ബസിന്റെ ഡ്രൈവറും പൊലീസിന് മൊഴി നൽകി. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ള യാത്രക്കാരെ നേപ്പാൾ സർക്കാരിന്റെ സഹായത്തോടെ ഇന്ത്യൻ എംബസി ഒരുക്കിയ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് തിരികെയച്ചു.

അടുത്തതാര്

30 ദശലക്ഷം വോട്ടർമാരുള്ള നേപ്പാളിൽ യുദ്ധകാലടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിലും സ്വര ചേർച്ചകളുണ്ട്. നിലവിലുള്ള രാഷ്ട്രീയ ശൂന്യത ഇല്ലാതാകണമെങ്കിൽ പുതിയ ഭരണം അധികാരത്തിലേറണം. ജെൻ സി പ്രക്ഷോഭകാരികളുടെ നായകൻ ഉൾപ്പടെ മത്സരരം​ഗത്തുണ്ട്. നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായ 73 കാരിയായ സുശീല കർക്കി സ്ഥാനാർത്ഥിയാണെങ്കിലും, എതിരാളികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്.

Related Posts