തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താൻ സർക്കാർ നീക്കം. ഒക്ടോബറിലാകും സംഗമം സംഘടിപ്പിക്കുക. കൊച്ചിയോ കോഴിക്കോടോ വേദിയാകുമെന്നാണ് സൂചനയെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്ന് പ്രതികരിച്ച് ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തി. ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ അയ്യപ്പ സംഗമത്തിലൂടെ ഇടത് പക്ഷത്തിലേക്ക് സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് അയ്യപ്പ സംഗമം എന്ന ആക്ഷേപം ഉയരവേയാണ് ന്യൂനപക്ഷ സംഗമത്തിനായി സർക്കാർ ഒരുങ്ങുന്നത്. ഭൂരിപക്ഷ വോട്ടുകൾ നേടുന്നതിനാെപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കുകയെന്നതാണ് സൂചന. അതിനാൽ തന്നെയാണ് കോഴിക്കോട് വേദിയാക്കാൻ സർക്കാർ ആലോചനകൾ നീങ്ങുന്നത്. ക്രിസ്ത്യൻ- മുസ്ലീം സംഘടനകളെ കാണുകയും സംഗമത്തിനായി ക്ഷണിക്കാനുമാണ് സർക്കാർ ഒരുങ്ങുന്നത്.
ഹിന്ദുവോട്ടുകൾ നടത്താൻ ലക്ഷ്യമിട്ടുള്ള സർക്കാർ അജണ്ടയാണെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ സംഗമം നടത്താനും സർക്കാർ നീക്കം. ഇതോടെ ബിജെപി, കോൺഗ്രസ് കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾ വെറുതെയാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. 1500 പ്രതിനിധികളെ ഉൾക്കൊള്ളുന്ന വിപുലമായ പരിപാടി തന്നെ സംഘടിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മിഷൻ 2031എന്ന പേരിലാകും സംഗമം സംഘടിപ്പിക്കുക. എന്നാൽ സർക്കാർ നീക്കത്തിൽ ആസൂത്രിത സ്വഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചില ന്യൂനപക്ഷ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞിരിക്കുന്നത്.
അതേ സമയം ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി പച്ചക്കൊടി കാട്ടിയത് സർക്കാരിന് ആശ്വാസമാണ്. ഹിന്ദുവോട്ട് ബാങ്ക് അടുപ്പിക്കാനുള്ള സർക്കാർ നീക്കമാണെന്ന ആക്ഷേപം എത്തുമ്പോഴാണ് ഹൈക്കോടതി നിരീക്ഷണവും എത്തിയത്. അയ്യപ്പസംഗമത്തെ എൻഎസ്എസും , എസ്എൻഡിപിയും അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് അയ്യപ്പ സംഗമം വേദിയാകുമെങ്കിൽ ഒപ്പമുണ്ടെന്നാണ് എൻഎസ്എസ് തീരുമാനം. എസ്എൻഡിപിയും അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്തിരുന്നു.