Kerala News

ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; സൗബിന്‍ ഷാഹിറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള നടൻ സൗബിന്‍ ഷാഹിറിന്റെ ഹർജി ഹൈക്കോടതി തള്ളി. അവാർഡ് ഷോയിൽ പങ്കെടുക്കാൻ വിദേശ യാത്രാനുമതി ആവശ്യപ്പെട്ടാണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ സൗബിൻ ഉൾപ്പെടെയുള്ളവർക്ക് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി, സൗബിൻ നേരത്തെ വിചാരണ കോടതിയെ സമീപിച്ചിരുന്നു.വിചാരണ കോടതി, ആവശ്യം തള്ളിയതോടെ ആണ് സൗബിൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ഹർജി തള്ളിയത്.

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്‍ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂവര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

സിനിമയ്ക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് മുടക്കിയ തുകയും ലാഭവിഹിതവും നൽകിയില്ലെന്നാണ് പരാതി. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജിയിട്ടുണ്ട്

Related Posts