Homepage Featured Kerala News

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം; ഔദ്യോഗിക കണക്കിൽ അവ്യക്തത

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്.12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്.

18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. മലപ്പുറം വണ്ടൂര്‍ സ്വദേശി ശോഭന(56) കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗംബാധിച്ച് മരിച്ചത്‌. വയനാട് ബത്തേരി സ്വദേശി രതീഷ്, കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞ്,മലപ്പുറം കണ്ണമംഗലം സ്വദേശി റംല, കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയ,എന്നിവരാണ് കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചവര്‍.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗ ബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക് എൻസെഫലൈറ്റിസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

Related Posts