നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന യാത്രയുടെ ഭാഗമായാണ് നേപ്പാളിലേക്ക് പോയത്.
കലാപത്തിൻറെ പശ്ചാത്തലത്തിൽ നേപ്പാൾ യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യാ ഗവൺമെന്റ് നിർദേശം പുറപ്പെടിവിച്ചിരുന്നു. രാജ്യത്തിന്റെ അതിർത്തികളിൽ കർശന പരിശോധന തുടരുകയാണ്. ബീഹാർ ഉത്തർപ്രദേശ്, ഉൾപ്പടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിയിട്ടുണ്ട്. കലാപത്തിനിടെ നേപ്പാൾ ജയിൽ ചാടിയ കൊടുംകുറ്റവാളികൾ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ അതിർത്തി രക്ഷാ സേനയുടെ പിടിയിലായിരുന്നു.
നേപ്പാളിൽ എസ്.എസ്.ബി, ബി,എസ്.എഫ്, കരസേന പരിശോധന ശക്തമാക്കി. കനത്ത പോലീസ് സുരക്ഷയാണ് അതിർത്തി മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബീഹാർ, സിക്കിം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളായി ഇന്ത്യയും നേപ്പാളും 1,751 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയുടെ ഗൗരിഫന്ത അതിർത്തിയിലൂടെ നേപ്പാൾ പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത് നിരോധിച്ചു. കലാപകാരികൾ ഇന്ത്യയിലേക്ക് കടക്കുമെന്ന സൂചനയുമുണ്ട്.
നേപ്പാളിലെ അരക്ഷിത സാഹചര്യത്തിൽ ഇന്ത്യ കനത്ത നിരീക്ഷണവുമായി മുന്നോട്ട് പോകുകയാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ ഉൾപ്പടെയുള്ള അയൽ രാജ്യങ്ങളിൽ സമീപകാലത്ത് അരങ്ങേറിയ കലാപകങ്ങളും ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങളും ഇന്ത്യ ഗൗരവപൂർവം നിരീക്ഷിക്കുകയാണ്.