കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ ഇരച്ചെത്തിയത്.
ജയിൽ വളപ്പിനുള്ളിൽ കയറിയ പ്രക്ഷോഭകാരികൾ അക്രമം അഴിച്ചുവിടുകയും, ജയിലിനുള്ളിലെ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. ഈ അവസരം മുതലാക്കി കുറേ തടവുകാർ സെല്ലുകൾ തകർത്ത് രക്ഷപ്പട്ടു. ജയിലിലുണ്ടായിരുന്ന രേഖകളെല്ലാം പ്രക്ഷോഭകാരികൾ തീയീട്ട് നശിപ്പിച്ചു. സംഭവം നടക്കുന്ന സമയത്ത് ജയിൽ അധികൃതരും പോലീസുകാരും സ്ഥലത്തുണ്ടായിരുന്നിട്ടും ഇവരാരും ഒന്നിലും ഇടപെട്ടില്ലെന്നു മാത്രമല്ല ഇവരെ തടയാനും ശ്രമിച്ചില്ല.
ജയിലിൽ നിന്നും രക്ഷപ്പെട്ട മുൻ മന്ത്രി സഞ്ജയ് കുമാർ സാഹ് 2012 ലെ ബോംബ് സ്ഫോടന കേസിലെ പ്രതിയാണ്.ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നതാണ്, കഴിഞ്ഞ 13 വർഷമായി ജയിലിൽ കഴിയുകയായിരുന്നു. സ്ഫോടന കേസിലെ മുഖ്യസുത്രധാരനായിരുന്നു സഞ്ജയ് കുമാർ സാഹ് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ആ സ്ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു. റേഡിയോ ടുഡേയുടെ ഉടമസ്ഥനായിരുന്ന അരുൺ സിംഘാനിയെ കൊന്ന കേസിലേ പ്രതി കൂടിയാണ്. എന്നാൽ ജയിലിൽ നിന്ന് പുറത്തു ചാടിയ ശേഷം ഇയാൾ താൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ചു. കൂടാതെ ജെൻ സി പ്രക്ഷോഭത്തെ അനുകൂലിക്കുകയും ചെയ്തു. ജയിലിൽ നിന്ന് പുറത്തു ചാടിയ മറ്റൊരാളാണ് റാബി ലാമിച്ഛാനെ നേപ്പാളിലെ പ്രമുഖ രാഷ്ട്രിയ നേതാവായിരുന്ന ഇയാൾ സഹകരണ ഫണ്ട് തട്ടിപ്പു കേസിലാണ് ജയിലിലായത്.
കലാപത്തിനു പുറമേ ബാങ്കുകളിലും മറ്റും തട്ടിപ്പു നടന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രീയബഞ്ജിയ ബാങ്കിന്റെ ബനേശ്വർ ബ്രാഞ്ച് അക്രമകാരികൾ കൊള്ളയടിച്ചു, കവർച്ച നടത്തിയ 26 പേരെ സൈന്യം അറസ്റ്റു ചെയ്തു.