കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ പദവി തർക്കത്തിൽ രജിസ്ട്രാർ അനിൽ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണം എന്ന ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാനും ഹൈക്കോടതി ചുമതലപ്പെടുത്തി.
തന്നെ നിയമിച്ചത് സിൻഡിക്കേറ്റാണ് എന്നാൽ പിരിച്ചുവിട്ടത് വി സിയാണ്. തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണ്, നിയമന അധികാരമുള്ള സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയിരുന്നു. തുടങ്ങിയ വാദങ്ങൾ അനിൽ കുമാർ ഹൈക്കോടതിയിൽ ഉന്നയിച്ചെങ്കിലും ഇവയെല്ലാം കോടതി തള്ളുകയായിരുന്നു. സസ്പെൻഷൻ നടപടി നിലനിൽക്കുമോ എന്ന വിഷയത്തിൽ സിൻഡിക്കേറ്റിന് തീരുമാനമെടുക്കാം എന്നാണ് കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിനെ തുടർന്നുണ്ടായ ഭാരതാംബാ വിവാദത്തിലാണ് രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാണിക്കുകയും സർവകലാശാലയ്ക്ക് മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചുനെന്നും ആരോപിച്ച് സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഇതിനിടയിൽ സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൻറെ മിനുട്സ് തിരുത്തിയെന്ന് ആരോപിച്ച് വൈസ് ചാൻസിലർ മോഹൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജ്ജിനുമെതിരെ പരാതി ഉയർന്നു. സിൻഡിക്കേറ്റിലെ ഇടത് അംഗമായ ലെനിൻ ലാലാണ് പരാതി നൽകിയത്. രജിസ്ട്രാർ കെ.എസ് അനിൽ കുമാർ സസ്പെൻഷനിലായതിനെ തുടർന്ന് ചുമതല ആർ രശ്മികക്ക് നൽകിയെന്ന് മിനുട്സിൽ രേഖപ്പെടുത്തി വിസി ഒപ്പിട്ടിരുന്നു.
ജൂലൈ ആറിന് അനിൽ കുമാറിന്റെ സസ്പെൻഷൻ വിവാദ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതാണ് കൂടുതൽ തർക്കത്തിന് വഴിയൊരുക്കിയത്. രജിസ്ട്രാറായി അനിൽ കുമാറിനെ മാത്രമേ അംഗീകരിക്കുവെന്ന നിലപാടിലായിരുന്നു ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. വിസിയുടെ വിലക്ക് കാര്യമാക്കാതെ അനിൽ കുമാർ ഓഫീസിൽ എത്തുകയും ഒരേ സമയം രണ്ട് രജിസ്ട്രാർമാർ സർവകലാശാലയിൽ ഉണ്ടായതും ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നു.