തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ചൂഷണ പരാതിയിൽ നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികൾ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തൽ നടത്തിയ യുവ നടിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെ ക്രൈം ബ്രാഞ്ചിനും മൊഴി നൽകിയെങ്കിലും നിയമനടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി. രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവരിൽ ട്രാൻസ്ജെണ്ടർ യുവതി അവന്തിക മൊഴി നൽകാൻ താൽപര്യമില്ലെന്നും പൊലീസിനെ അറിയിച്ചു.
ഗർഭഛിത്രത്തിന് നിർബന്ധിക്കുന്നതായി പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചെങ്കിലും നിയമനടപടിക്കായി ഇതുവരെ അവരും താൽപര്യം അറിയിച്ചിട്ടില്ല.അതേസമയം, കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് എഫ്ഐആർ സമർപ്പിച്ചിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് അഞ്ച് പേർ നൽകിയ പരാതികളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്. രാഹുലിനെതിരെ ബി.എൻ.എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ എടുത്തത്. പരാതി നൽകിയ അഞ്ച് പേരും കേസിൽ മൂന്നാം കക്ഷികളാണ്.
സ്ത്രീകളെ സമൂഹ മാധ്യമങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്‌തുവെന്നും ഭീഷണിപ്പെടുത്തുകയും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ച് സന്ദേശം അയച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇരയെ കുറിച്ച് തെളിവുകൾ കൈമാറിയാൽ അവരുടെ മൊഴിയെടുക്കുകയും തുടർനടപതികൾ സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.
















