ഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടു ചോർച്ചയെന്ന് കോൺഗ്രസ്. മഹാരാഷ്ട്രയിൽ നിന്നും, ഇന്ത്യാ സഖ്യത്തിൽ നിന്നും വോട്ടു ചോർന്നെന്നാണ് വിലയിരുത്തൽ. സർക്കാർ ചെറിയ ചില പാർട്ടികളെ സ്വാധീനിച്ചുവെന്നും, എംപിമാർ മനപൂർവ്വം ബാലറ്റ് അസാധുവാക്കിയെന്നും കോൺഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാർട്ടിയിലെ ചില എംപിമാർ കൂറൂമാറിയെന്നും കോൺഗ്രസ് ഉന്നത വൃത്തങ്ങൾ പറയുന്നു. ഇന്ത്യാ മുന്നണിക്കു വേണ്ടി സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് മത്സരിച്ചത്. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ മാത്രമാണ് നേടാനായത്, 15 വോട്ടുകൾ അസാധുവായി.
ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ 152 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. 767 വോട്ടിൽ 452 വോട്ടു നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രണ്ടു വർഷം മാത്രം ബാക്കി നിൽക്കെ ഉപരാഷ്ട്രപതി പദവിയിൽ നിന്നും ജഗ്ദിപ് ധൻകർ രാജിവെച്ചതിനെ തുടർന്നായിരുന്നു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നത്. രഹസ്യ ബാലറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്.
ആർഎസ്എസിലൂടെയാണ് രാധാകൃഷ്ണൻ രാഷ്ട്രീയത്തിലെത്തുന്നത്. തമിഴ് നാട്ടിലെ മുതിർന്ന ബിജെപി നേതാവാണ്, തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. മഹാരാഷ്ട്ര ഗവർണർ ആയിരുന്ന അദ്ദേഹം തെലങ്കാന, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ സ്ഥാനവും വഹുച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കോയമ്പുത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും സി പി രാധാകൃഷ്ണൻ വഹിച്ചിട്ടുണ്ട്.