India News

പിടിച്ചെടുത്തത് 6.7 കിലോ സ്വർണം; ഇരുമ്പയിര് കടത്തിൽ കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ അറസ്റ്റിൽ

ബെംഗളൂരു: ഇരുമ്പയിര് കടത്ത് കേസുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 13, 14 തീയതികളിൽ ഉത്തര കന്നഡ, ഗോവ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലെ സെയിലിന്റെ വീട്ടിലും സ്ഥാപനങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സെയിലിന്റെ വസതിയിൽ നിന്ന് 1.4 കോടി രൂപയും ശ്രീലാൽ മഹൽ ഓഫീസുകളിൽ നിന്ന് 27 ലക്ഷം രൂപയും ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. സെയിലിന്റെ കുടുംബത്തിന്റെ ബാങ്ക് ലോക്കറിൽ നിന്ന് 6.7 കിലോഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു.

ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെയിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി സെയിലിനെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് കോടതിയോട് ഇ.ഡി ആവശ്യപ്പെടുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 

2010ൽ ബെലേക്കേരി തുറമുഖം വഴി ചൈനയിലേക്ക് അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയാണ് സെയിൽ. 2010 ഏപ്രിൽ 19 നും 2010 ജൂൺ 10 നും ഇടയിൽ ബിസിനസ് സ്ഥാപനങ്ങളുമായും ബെലെക്കേരി തുറമുഖ ഉദ്യോഗസ്ഥരുമായും ഒത്തുചേർന്ന് സെയിൽ 1.2 ലക്ഷം ടൺ ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തെന്നാണ് ഇ.ഡി കണ്ടെത്തൽ. കഴിഞ്ഞ ഓഗസ്റ്റിൽ ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട ഒരു കേസിൽ സതീഷ് കൃഷ്ണയെ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു.  പിന്നീട്, ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ അർജുന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് നേതൃത്വം നൽകിയതുമായി ബന്ധപ്പെട്ട് സുപരിചിതനായ എംഎൽഎയാണ് സതീഷ് കൃഷ്ണ സെയിൽ.

Related Posts