Homepage Featured Kerala News

റേഷനരി മാത്രം മതിയോ ബിരിയാണിക്ക്; അം​ഗനവാടി മെനു പരിഷ്കരണത്തിൽ വിമർശനവുമായി ജീവനക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അം​ഗനവാടി മെനു പരിഷ്കരണത്തിനെതിരെ വിമർശനവുമായി അം​ഗനവാടി ജീവനക്കാർ. മുട്ട ബിരിയാണി, പിടി, പുലാവ്, ഇഡ്ലി, കൊഴുക്കട്ട, പായസം എന്നിങ്ങനെ നീളുന്നതാണ് അം​ഗനവാടിയിലെ പുതുക്കിയ മെനു. പുതുക്കിയ മെനു വന്നിട്ടും സർക്കാർ നൽകുന്നത് റേഷനരി മാത്രമാണെന്നാണ് വിമർശനം. ബിരിയാണിക്ക് ബിരിയാണി അരി തന്നെ വേണം. 30 ലേറെ വിഭവങ്ങളുമായി അം​ഗനവാടിയിലെ മെനു പരിഷ്കരിച്ചെങ്കിലും അരി മാത്രം നൽകിയാൽ എങ്ങനെ ഇത്രയേറെ വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയുമെന്നാണ് ജീവനക്കാരുടെ പരാതി. അടിയന്തരമായി മറ്റ് അവശ്യ വസ്തുക്കൾ കൂടി വിതരണം ചെയ്യണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.

കൊഴുക്കട്ടയും ,പിടിയും അരിയിൽ ഉണ്ടാക്കിയാലും ബാക്കി വിഭവങ്ങൾ ഉണ്ടാക്കാൻ എന്ത് ചെയ്യണമെന്നാണ് ജീവനക്കാരുടെ ആശങ്ക. മുട്ടബിരിയാണിക്ക് ഇപ്പോഴും പ്രത്യേകമായി ഒന്നും നൽകുന്നില്ല. മുട്ട പോലും അപര്യാപ്തമാണെന്നാണ് വിമർശനം. അരി പൊടിക്കാനോ വേണ്ട രീതിയിൽ പാചകം ചെയ്യാനോ സംസ്ഥാനത്തെ പല അം​ഗനവാടികളിലും സ്ഥലം അപര്യാപ്തമാണ്. പാചകപ്പുര ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി മെച്ചപ്പെടുത്തുമെങ്കിൽ മാത്രമേ കുട്ടികൾക്ക് കൃത്യമായി പുതുക്കിയ മെനു നൽകാൻ സാധിക്കുകയുള്ളു എന്നും ജീവനക്കാർ പരാതി ഉന്നയിക്കുന്നത്. ആരോ​ഗ്യവകുപ്പ് മന്ത്രി പുതുക്കിയ മെനുവിന്റെ ഉത്തരവ് പുറത്തിറക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഒരുങ്ങിയിട്ടില്ലെന്നാണ് പരാതി. അം​ഗനവാടിയിൽ മുട്ടബിരിയാണി വേണമെന്ന ശങ്കു എന്ന നാലുവയസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചതോടെയാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലെത്തിയത്. പിന്നാലെ മെനു പരിഷ്കരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചിരുന്നു.

Related Posts