നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചത്. പിന്നാലെ കാഠ്മണ്ഡുവിൽ പ്രകടനക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റുമുട്ടലുകളെത്തുടർന്ന് ധാർമ്മികതയുടെ പേരിൽ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു, അതേസമയം സ്ഥിതിഗതികൾ വഷളായപ്പോൾ പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
നിയമവിധേയമായ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നടപടികൾ പിൻവലിച്ചെന്നും സർക്കാർ പിന്നീട് അറിയിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മരിച്ചവരിൽ വിദ്യാർത്ഥികൾ അടക്കമുള്ളവരുൾപ്പെട്ടതോടെ നേപ്പാൾ അശാന്തമായി. കാഠ്മണ്ഡുവിന്റെ നിയന്ത്രണം ഏകദേശം രാജ്യത്തിന്റെ പട്ടാളത്തിന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. സാഹചര്യങ്ങൾ പന്തിയല്ലെന്ന് മനസിലാക്കിയ പ്രധാനമന്ത്രി പി,കെ ശർമാ ഓലി രാജി സന്നദ്ധതയും അറിയിച്ചു. പക്ഷേ പ്രഖ്യാപനം ഉറപ്പിച്ചിട്ടില്ല. ദുബായിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി നാട് വിടുമെന്ന് റിപ്പോർട്ടുകൾ എത്തുന്നതോടെ ചർച്ചയാകുന്നത് ജെൻസ് സി കലാപത്തിലേക്ക് വഴി തിരിഞ്ഞ സാഹചര്യങ്ങളെ കുറിച്ചാണ്.
ജെൻസി കലാപത്തിന്റെ തുടക്കം
സമൂഹമാധ്യമങ്ങൾ വിലക്കിയ നടപടികൾ നേപ്പാളിൽ ആരംഭിച്ചതോടെ നിയന്ത്രണം ഏർപ്പെടുത്താത സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി രാജ്യത്തുടനിളം ഒരു ക്യാമ്പയിന് തുടക്കം കുറിച്ചു. ഇതിന് നേതൃത്വം നൽകിയത് ഒരു 36കാരനായ ചെറുപ്പക്കാരനും. പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഹാമി നേപ്പാൾ എന്ന യുവജനങ്ങളെ പ്രതിനിധീകരിക്കുന്ന എൻജിഒയായിരുന്നു. സമൂഹമാധ്യമങ്ങളുടെ വിലക്കിനെതിരെ പറ്റാവുന്ന സാഹചര്യങ്ങളിലൂടെ ക്യാമ്പയിനുമായി ഈ സംഘടന രംഗത്തെത്തി. ഹാമി നേപ്പാളിന്റെ പ്രസിഡന്റായ 36 കാരനായ സുഡാൻ ഗുരുങ്ങാണ് രാജ്യത്തെ വിറപ്പിച്ച ഈ പോരാട്ടത്തിന് മുൻനിരയിൽ നിന്നത്.
എൻജിഒ ഒരു പൗര പ്രസ്ഥാനമായി വളർന്നു. ഇൻസ്റ്റാഗ്രാമിലൂടെ ഗുരുങ്ങ് തന്റെ റാലികൾ സംഘടിപ്പിക്കാൻ ഔദ്യോഗികമായി അറിയിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമാകുമ്പോൾ സ്കൂൾ യൂണിഫോം ധരിക്കാനും പുസ്തകങ്ങൾ കൊണ്ടുപോകാനും വിദ്യാർത്ഥികളോട് ആഹ്വാനം നടത്തി. 2015 ലെ ഭൂകമ്പത്തിനുശേഷം രൂപീകരിച്ച എൻജിഒ ആയ ഹാമി നേപ്പാൾ രാജ്യത്ത് വേഗത്തിൽ വളർന്നു . ഭൂകമ്പത്തിനിടെ സുഡാന് തന്റെ കുട്ടിയെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ജീവിതഗതി മാറ്റിമറിച്ച ഒരു സംഭവമായിരുന്നു ഇതെന്ന് നേപ്പാൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേപ്പാളിന്റെ ഭരണസംവിധാനത്തെ തന്നെ താഴിയിറക്കുന്ന വ്യക്തിയായി സുഡാൻ മാറുകയും ചെയ്തു.
പ്രതിഷേധം അതിരുകടന്നത് വിനയായി
സമാധാന പരമായ പ്രകടനങ്ങൾ നടത്താനായിരുന്നു സംഘടനയുടെ തീരുമാനം. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ അരങ്ങേറിയ പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് ലാത്തി വീശി, തുടർന്ന് ഗ്രനേഡും, റബ്ബർ ബുള്ളറ്റുമായി വെടിയ്പ്പുമെക്കെയായി. പാർലമെന്റ് മന്ദിരം ജെൻസികൾ കീഴടക്കിയതോടെ പൊലീസ് സ്വാഭാവിക നടപടി സ്വീകരിച്ചു. തുടർന്ന് നടന്ന നടപടിയിലാണ് 20 പേരിനടുത്ത് കൊല്ലപ്പെട്ടത്.
















