ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന് ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദ്ദേശമുണ്ട്. യുവ ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ വേടൻ എത്തിയത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചട്ടുള്ളത്. 2021-2023 കാലയളവില്‍ വിവിധ ഫ്‌ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് വേടനെതിരായ പരാതി. വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമാണ് വേടൻ കോടതിയിൽ പറഞ്ഞത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്നും ബ്രേക്ക് അപ്പ് ആയതിന് ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ചിലർ ശ്രമിക്കാറുണ്ടെന്ന ശ്രദ്ധേയമായ നിരീക്ഷണമാണ് കേസിൽ കോടതി നടത്തിയത്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കരുതെന്നും ഹൈക്കോടതി ചൂണ്ടി കാണിച്ചു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
ഈ കാലയളവിൽ കടുത്ത മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നുവെന്ന് പരാതിക്കാരി വാദമായി ഉയർത്തിയിരുന്നു. എന്നാൽ അത്തരം ഒരു മാനസികാവസ്ഥ അവർക്ക് ഉണ്ടായില്ലെന്ന് തെളിയിക്കാൻ തനിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ വേടൻ ഹാജരാക്കിയിരുന്നു തങ്ങൾക്കിടയിൽ പണം ഇടപാട് ഉണ്ടായിരുന്നുവെന്നും ഇയാൾ സമ്മതിച്ചിരുന്നു ചോദ്യം ചെയ്യലിൽ ഇക്കാര്യങ്ങളുടെ തെളിവുകൾ ഇന്ന് പോലീസ് പരിശോധിക്കും. യുവതി പണം കൈമാറിയതിന്റെ തെളിവുകൾ നേരത്തെ പോലീസ് പരിശോധിക്കുകയും ബാങ്ക് ഇടപാട് രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു ജാമ്യാപേക്ഷയും പോലീസ് കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്ന കാലയളവിൽ ഒളിവിൽ പോയ വേടനെ പോലീസ് കാര്യമായി അന്വേഷിച്ചില്ല എന്ന ആരോപണവും ശക്തമാണ്.