Homepage Featured Kerala News

പീച്ചി സ്റ്റേഷൻ മർദനം; സിഐ രതീഷിനെതിരായ അച്ചടക്ക നടപടി ഉടൻ

തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍  സി ഐ,പി വി രതീഷിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്.

മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. 2023 ൽ നടന്ന സംഭവത്തിൽ രതീഷിനെതിരെ അന്വേഷണം നടത്തിയത് അന്നത്തെ തൃശൂര്‍ അഡി. എസ്പി ശശിധരന്‍ ആയിരുന്നു. സംഭവത്തില്‍ രതീഷ് കുറ്റക്കാരനാണ് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ രതീഷിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും രതീഷ് കടവന്ത്ര സിഐ ആവുകയും ചെയ്തു. രതീഷിന്റെ വിശദീകരണം ലഭിച്ചാൽ ഉടൻ തുടർനടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടക്കും. 

താൻ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചിട്ടില്ല എന്നാണ് രതീഷ് നേരത്തെ അഡിഷണൽ എസ് പിക്ക്  ന്ൽകിയ വിശദീകരണം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഈ വാദവും പൊളിഞ്ഞു. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യഘട്ടത്തിലെ പരാതിക്കാരെ ഉപയോഗിച്ച് പണം വാങ്ങിയെന്നും ഹോട്ടലുടമ നൽകിയ പരാതിയിൽ പറയുന്നുണ്ട്. പോലീസുകാർക്കായി പണം വാങ്ങിയ സിസിടിവി ദൃശ്യങ്ങളും ഹോട്ടലുടമ കെപി ഔസേപ്പ് പുറത്തുവിട്ടിരുന്നു.

2023 മേയ് 24ന് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് പീച്ചി എസ്ഐ ആയിരുന്ന പി എം രതീഷ് മര്‍ദിച്ചത്. കാരണം അന്വേഷിക്കാനെത്തിയ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പിനും മകനു നേരെയും ഭീഷണി ഉയർത്തുകയും ചെയ്തു. രതീഷിനെ പ്രാഥമികമായി സസ്‌പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്താനാണ് നിര്‍ദേശമെന്നറിയുന്നു. ദക്ഷിണ മേഖല ഐജിയുടെ പക്കലുള്ള നിലവിലെ റിപ്പോര്‍ട്ടില്‍ നടപടി എടുക്കാന്‍ ഡിജിപിയും നിര്‍ദേശം നല്‍കിയട്ടുണ്ട്.

Related Posts