കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രംഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി ഒരുങ്ങുന്നതായ റിപ്പോർട്ടുകളും പുറത്തുവരുന്നു. ചികിത്സയ്ക്കായി ദുബായിലേക്ക് പോകുന്നു എന്നാണ് റിപ്പോർട്ടുകൾ.ഹിമാലയ എയർലൈൻസ് എന്ന സ്വകാര്യ വിമാനക്കമ്പനി യാത്രയ്ക്കായി സജ്ജമായി നിർത്തിയിരിക്കുകയാണ്.
രാഷ്ട്രീയ പ്രതിസന്ധിയും നിരവധി മന്ത്രിമാരുടെ രാജിയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, യാത്രയ്ക്ക് മുമ്പ് ഒലി തന്റെ ഉപപ്രധാനമന്ത്രിക്ക് താൽക്കാലിക ചുമതലകൾ നൽകി.അനിഷ്ഠ സംഭവങ്ങളിൽ ഇതുവരെ മൂന്ന് മുതിർന്ന മന്ത്രിമാർ രാജി വച്ചതായിട്ടാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ജെൻസ് സി വിപ്വവം ആയുധമാക്കി പ്രതിപക്ഷ പാർട്ടിയും രംഗത്തെത്തി. ശർമ ഓലി രാജിവച്ചൊഴിയണമെന്ന ആവശ്യം ശക്തമായി. പ്രതിഷേധത്തെ അടിച്ചമർത്താൻ സാധിക്കുന്നില്ലെന്നാണ് ഭരണകൂടവും അറിയിക്കുന്നത്. കൂടുതൽ പട്ടാളത്തെ കാഠ്മണ്ഡുവിലേക്കും പ്രതിഷേധം അരങ്ങേറുന്ന പ്രധാനനഗരങ്ങളിലേക്കും വിന്യസിച്ചു.
യുവാക്കളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ പട്ടാളവും, പൊലീസും നടപടികൾ തുടരുകയാണ്. വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധങ്ങൾ തിങ്കളാഴ്ചയാണ് അക്രമാസക്തമായത്. പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഘർത്തിൽ വിദ്യാർത്ഥികൾ ഉൾപ്പടെ 19 പേർ കൊല്ലപ്പെട്ടു. മരണങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രാജി വച്ചു. ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് കത്തിപ്പടരുന്നത്.
പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി 300 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം അതിരു കടന്നതോടെ സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള ഉത്തരവ് രാത്രിയോടെ തന്നെ സർക്കാർ പിൻവലിച്ചിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതോടെയാണ് കൂടുതൽ സംഘർഷ ഭരിതമായത്.