ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. നഗരത്തിൽ ശക്തമായ സ്ഫോടനമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ സൈന്യം ഈ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ഈ സൈനിക നടപടി എന്നാണ് സൂചന. കത്താര പ്രവിശ്യയിൽ ആയിരുന്നു സ്ഫോടനം.
ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. മിസൈൽ ആക്രമണമാണ് നടന്നതെന്ന് ഖത്തറിലെ അമേരിക്കൻ എംബസി വ്യക്തമാക്കി.ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ തങ്ങിയ കെട്ടിടമാണ് തകർത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ആക്രമണത്തെ അതിജീവിച്ചെന്നാണ് ഹമാസ് അറിയിക്കുന്നത്. എന്നാല്‍ . കെട്ടിടത്തില്‍ ഉണ്ടായിരുന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ചില അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്.