കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചതോടെ ഇടക്കാല സർക്കാരിനെ നയിക്കാൻ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയത് മേയറായ ബാലന്ദ്ര ഷായുടെ പേരാണ്. നേപ്പാളിൽ സൈനിക അട്ടിമറിയുണ്ടാവാതിരിക്കാൻ ഇടക്കാല സർക്കാരിനെ നിയമിക്കണമെന്ന ആവശ്യവുമായി സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ഉയർന്നു. ബാലേന്ദ്ര ഷായെ തലവനാക്കാനായിരുന്നു ആവശ്യം.
യുവജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ബാലേന്ദ്ര ഷാ എന്ന ബലൈൻ. റാപ്പറും, സിവിൽ എഞ്ചിനീയറുമായിരുന്ന ബലൈൻ സ്വതന്ത്രനായി രാഷ്ട്രീയത്തിൽ പ്രവേശിച്ച്, അഴിമതിക്കെതിരായ നിലപാടെടുത്തും, യുവജനങ്ങളുടെ പിന്തുണയിലൂടെയുമാണ് നേപ്പാളിൽ ശ്രദ്ധനേടിയത്. അഴിമതികൾ, അസമത്വം എന്നിവയെക്കുറിച്ചും അദ്ദേഹം ഗാനമാലപിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000ത്തിലധികം വോട്ടു നേടിയാണ് ബാലേന്ദ്ര ഷാ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സാമൂഹിക മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ നേപ്പാളിൽ നടക്കുന്ന ജെൻ സീ പ്രക്ഷോഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന ഒരു വ്യക്തി കൂടിയാണ് ബാലേന്ദ്ര ഷാ. പട്ടാള മേധാവി ശർമ ഒലിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു.