തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മലപ്പുറം, വണ്ടൂർ തിരുവാലി സ്വദേശിനിയാണ് ഇവർ. തിരുവാലിയിലെ സ്വകാര്യ ജ്യൂസ് കമ്പനിയിലാണ് ശോഭന ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണമാണ് ഇത്. വയനാട് ബത്തേരി സ്വദേശിയായ രതീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസ്സുകാരി അനയയും സമീപദിവസങ്ങളിൽ മരിച്ചിരുന്നു.
അമീബിക് മസ്‌തിഷ്‌ക ജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനവും പരിശോധനകൾ വർധിച്ചതും ഉൾപ്പെടെ കാരണമെന്ന് വിലയിരുത്തൽ. കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളിലെ മലിനീകരണവും രോഗകാരിയായ അമീബയുടെ സാന്നിധ്യം കൂട്ടാൻ കാരണമാകുന്നു. സമാന ലക്ഷണങ്ങളുള്ള എല്ലാ കേസുകളിലും അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്റെ പരിശോധന നടത്തുന്നതും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതായി ആരോഗ്യ വിദഗ്‌ധർ പറയുന്നു.