Homepage Featured Kerala News

കയ്യിലിരുപ്പ് നല്ലതല്ലെങ്കിൽ കയ്യിൽ നിന്ന് പണം പോകും; പൊലീസുകാർക്കായി ഇനി സർക്കാർ നഷ്ടപരിഹാരം കൊടുക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സംഭവങ്ങളും പുറത്തുവരുന്ന പശ്ചത്തലത്തിൽ തന്നെ സുപ്രധാന നീക്കവുമായി പൊലീസ് വകുപ്പ്. പൊലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ഇനി ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കും. ഇതിന്റെ ഭവിഷ്യത്തുകളും വലുതായിരിക്കും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല ഭീമമായ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് നല്‍കേണ്ടതായും വരും.

പൊലിസൂകാരുടെ വീഴ്ചമൂലമുണ്ടായിരുന്ന കേസുകളിൽ ഇതുവരെ നഷ്ടപരിഹാരം നൽകിയിരുന്നത് സർക്കാർ ആയിരുന്നു. അത്തരത്തിലുള്ള വിധിയാണ് കോടതിയില്‍നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളില്‍ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സര്‍ക്കാര്‍ നല്‍കേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനുള്ള നടപടിയും ആരംഭിച്ചതായി മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 

തൊഴിയൂ സുനിൽ വധക്കേസിലെ നടപടി സർക്കാർ നീക്കം അടിവരയിടുന്നതാണ്. 1994ൽ ഗുരുവായൂർ പൊലീസ് ചുമത്തിയ കള്ളക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി ഉത്തരവ് അനുസരിച്ച് തുക നൽകേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുകയെന്ന വ്യവസ്ഥാപിത നടപടിയില്‍നിന്ന് മാറിയുള്ള ഉത്തരവ്‌ സേനാംഗങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. 

സേനയില്‍നിന്ന് പരിഞ്ഞാലും ജോലി നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നല്‍കലെന്ന ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാകാനാകില്ലെന്ന സൂചനയും തൊഴിയൂര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരെ പോലീസ് മേധാവിക്ക് പിരിച്ചുവിടാനാകും. അതിനുമുകളിലുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തര വകുപ്പാണ്.

Related Posts