തിരുവനന്തപുരം: ക്ലിഫ് ഹൗസിലും, തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്ന തമിഴ്നാട് രാഷ്ട്രീയവും മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബോംബ് ഭീഷണി എത്തിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി ഭീഷണികൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ നാളുകൾക്ക് ശേഷം അത്തരത്തിൽ വീണ്ടും ഭീഷണി സന്ദേശങ്ങൾ എത്തുകയാണ്. തിരുവനന്തപുരം ജില്ലാ കോടതിയുടെ ഇ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. കേരളം -തമിഴ്നാട് രാഷ്ട്രീയ സാഹചര്യങ്ങൾ മാറുന്നതിന്റെ ബദലായിട്ടാണ് ഈ ഭീഷണിയെന്നും സന്ദേശത്തിൽ പറയുന്നു.
ക്ലിഫ് ഹൗസ് ജില്ലാ കോടതി പരസരം തുടങ്ങിയടങ്ങിൽ ആർ.ഡി.എക്സ് അടക്കമുള്ള മാരകമായ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് മുൻപ് ജീവനക്കാരേയും പൊതുജനങ്ങളേയും അവിടെ നിന്ന് മാറ്റി സുരക്ഷ നടപടികൾ സ്വീകരിക്കാനുമാണ് ഇ മെയിൽ വഴിയുള്ള സന്ദേശം. ബോംബ് സ്വാഡും പൊലീസും പരിശോധന തുടരുകയാണ്. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറിയ ഘട്ടത്തിലും നിരന്തരം വ്യാജ ഇ മെയിൽ ഭീഷണികൾ എത്തിയിരുന്നു.