തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ വിറ്റഴിച്ചത് 824.07 കോടി രൂപയുടെ മദ്യമായിരുന്നു.
അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ പ്രവർത്തിച്ചിരുന്നില്ല. ഉത്രാട ദിനംമാത്രം 137കോടി മദ്യംവിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ ഇത് 65.25 കോടിയായിരുന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്താണ് വിൽപന നടന്നത്.
ബെവ്കോയുടെ ആറ് ഷോപ്പുകളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപ്പനയാണ് നടന്നത്. സൂപ്പർ പ്രീമിയം ഷോപ്പിൽ മാത്രം 67 ലക്ഷം രൂപ വരുമാനമാണ് ബിവറേജസ് കോർപ്പറേഷന് ലഭിച്ചത്.
ഉത്രാട ദിനത്തിൽ ആറ് ഔട്ട്ലെറ്റുകൾ ഒരു കോടിയിലധികം വരുമാനം നേടി. ഇതിൽ മൂന്ന് ഔട്ട്ലെറ്റുകളും കൊല്ലം ജില്ലയിലാണ്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കരുനാഗപ്പള്ളി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഒരു കോടി 46 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്. കൊല്ലം വെയർഹൗസിന് കീഴിലുള്ള കാവനാട് (ആശ്രാമം) ഔട്ട്ലെറ്റിൽ ഒരു കോടി 24 ലക്ഷം രൂപയുടെയും പെരിന്തൽമണ്ണ വെയർഹൗസിന് കീഴിലുള്ള ഇടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റിൽ ഒരു കോടി 11 ലക്ഷം രൂപയുടെയും ചാലക്കുടിഔട്ട്ലെറ്റിൽ ഒരു കോടി ഏഴുലക്ഷം രൂപയുടെയും ഇരിഞ്ഞാലക്കുട ഔട്ട്ലെറ്റിൽ ഒരു കോടി മൂന്നുലക്ഷം രൂപയുടെയും കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം ഉത്രാടദിനത്തിൽ വിറ്റുപോയി.