മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് വിമാനത്താവളത്തിൽ ഉണ്ടായ അനുഭവം താരം തുറന്നുപറഞ്ഞത്.
മുല്ലപ്പൂ കൊണ്ടുപോകുന്നത് വിലക്കപ്പെട്ട കാര്യമാണ് എന്ന് അറിയാതെയാണ് താൻ അത് കൈവശം വെച്ചതെന്നും, എന്നാൽ അറിവില്ലായ്മ ഒഴിവാകില്ലെന്ന കാര്യം സമ്മതിച്ചുവെന്നും നവ്യ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ കൃഷിവകുപ്പ് നടിയിൽ നിന്ന് 1980 ഓസ്ട്രേലിയൻ ഡോളർ, ഏകദേശം 1.25 ലക്ഷം ഇന്ത്യൻ രൂപയാണ് പിഴയായി ഈടാക്കിയത്. ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമപ്രകാരം വിദേശരാജ്യങ്ങളിൽ നിന്ന് ചെടികൾ, പൂക്കൾ, വിത്തുകൾ തുടങ്ങി നിരവധി വസ്തുക്കൾ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. ഇവയിലൂടെ സൂക്ഷ്മജീവികളോ രോഗങ്ങളോ എത്തി പ്രാദേശിക കൃഷി, വനം, പരിസ്ഥിതി, അതോടൊപ്പം തദ്ദേശീയ സസ്യ-ജന്തു ജീവിതം വരെ ഗുരുതരമായി ബാധിക്കാമെന്നതിനാലാണ് ഈ നിയന്ത്രണം കർശനമായി പാലിക്കുന്നത്.